കാട്ടാക്കട: ആശാവർക്കർക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് പ്രഖ്യാപിച്ച കാട്ടാക്കടയിലെ കണ്ടെയ്ൻമെന്റ് സോണുകൾ പിൻവലിച്ചു. 10 വാർഡുകളാണ് കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നത്. ആരോഗ്യ പ്രവർത്തകയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് ജില്ലാഭരണകൂടം നിയന്ത്രണങ്ങൾ പിൻവലിച്ചത്. കഴിഞ്ഞ ദിവസം രണ്ട് തുടർ പരിശോധനകളും നെഗറ്റീവായ ആരോഗ്യ പ്രവർത്തകയെ ഡിസ്ചാർജ് ചെയ്‌തിരുന്നു. അതേസമയം മേഖലയിൽ ലോക്ക് ഡൗൺ പ്രകാരമുള്ള നിയന്ത്രണങ്ങൾ തുടരും. 10 പേരിൽ കൂടുതലുള്ള സമരങ്ങളോ പ്രതിഷേധമോ പാടില്ല. കല്യാണം, മരണം തുടങ്ങിയ ചടങ്ങുകൾക്കും തദ്ദേശ സ്ഥാപനങ്ങളിൽ ഉൾപ്പെടെയുള്ള യോഗങ്ങൾക്കും നിയന്ത്രണമുണ്ടാകും. നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോ നിറുത്തിവച്ച സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. ഇന്ന് 25 ഷെഡ്യൂളുകൾ ഉണ്ടായിരിക്കുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.