തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയതിൽ കരുതലോടെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോഴുണ്ടായ രാഷ്ട്രീയ സംഭവങ്ങൾ യു.ഡി.എഫിന്റെ ആഭ്യന്തര കാര്യമാണെന്നും കേരളാ കോൺഗ്രസ് അവരുടെ നിലപാട് വ്യക്തമാക്കിയ ശേഷം മറ്റ് കാര്യങ്ങൾ ആലോചിക്കാമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജോസ് കെ.മാണി എൽ.ഡി.എഫിലേക്ക് വരണമോയെന്നത് പ്രത്യേക ഘട്ടത്തിൽ ആലോചിക്കേണ്ട കാര്യമാണ്. ഇപ്പോൾ ആ ഘട്ടം എത്തിയിട്ടില്ല. രാഷ്ട്രീയത്തിൽ ഒരു കാര്യവും എല്ലാകാലത്തേക്കുമായി പറയാൻ കഴിയില്ല. അതത് ഘട്ടത്തിലുള്ള സാഹചര്യങ്ങൾ വിലയിരുത്തിയാണ് കാര്യങ്ങൾ തീരുമാനിക്കുക. സാഹചര്യങ്ങളും പ്രശ്നങ്ങളും ഉണ്ടാകുമ്പോഴാണല്ലോ പാർട്ടിയുടെ നിലപാടുകളൊക്കെ വരിക. ആ നിലപാടുകൾ വരട്ടെ, അതിന് മുമ്പ് വേവലാതിപ്പെടേണ്ടതില്ല - മുഖ്യമന്ത്രി പറഞ്ഞു.