തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ബാദ്ധ്യസ്ഥരാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കൊവിഡ് ബാധിച്ച് ഇന്ത്യയിലും വിദേശത്തും മരിച്ച ഇന്ത്യൻ പൗരന്മാർക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ നടത്തിയ നിരാഹാര സത്യഗ്രഹത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളെ കൃത്യസമയത്ത് തിരിച്ചെത്തിച്ചിരുന്നെങ്കിൽ അവരിൽ പലരുടേയും ജീവൻ രക്ഷിക്കാമായിരുന്നു. പറയുന്ന കാര്യങ്ങളൊന്നുമല്ല സർക്കാർ പ്രാവർത്തികമാക്കുന്നത്. സി.എം.പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എം.പി. സാജു അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, കെ.എസ്. ശബരീനാഥൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ജില്ലാ സെക്രട്ടറി എം.ആർ. മനോജ്, ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ തുടങ്ങിയവർ സംസാരിച്ചു.