മാഞ്ചസ്റ്റർ സിറ്റി 5 - 0 ത്തിന് ബേൺലിയെ തോൽപ്പിച്ചു.
മാഞ്ചസ്റ്റർ : കൊവിഡിന് ശേഷമുള്ള തിരിച്ചുവരവിലെ രണ്ടാം മത്സരത്തിൽ പടുകൂറ്റൻ വിജയം നേടി മാഞ്ചസ്റ്റർ സിറ്റി. മടങ്ങിവരവിലെ ആദ്യ മത്സരത്തിൽ ആഴ്സണലിനെ 3 - 0 ത്തിന് കീഴടക്കിയിരുന്ന സിറ്റി കഴിഞ്ഞ രാത്രി ബേൺലിയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് കീഴടക്കിയത്.
സിറ്റിക്ക് വേണ്ടി ഫിൽ ഫോഡനും റിയാദ് മെഹ്റേസും രണ്ട് ഗോളുകൾ വീതം നേടിയപ്പോൾ ഡേവിഡ് സിൽവ ഒരു ഗോൾ സ്വന്തമാക്കി. 22-ാംമിനിട്ടിൽ ബെർനാഡോ സിൽവയുടെ പാസിൽനിന്ന് ഫോഡനാണ് സ്കോറിംഗ് തുടങ്ങി വച്ചത്. 43-ാം മിനിട്ടിൽ ഫെർണാൻഡീഞ്ഞോയുടെ സഹായത്തോടെ മെഹ്റേസ് തന്റെ ആദ്യ ഗോൾ നേടി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ പെനാൽറ്റി വലയിലാക്കി മെഹ്റേസ് ടീമിനെ 3 - 0 ത്തിന് മുന്നിലെത്തിച്ചു. അഗ്യൂറോയെ ഫൗൾ ചെയ്തതിനാലാണ് പെനാൽറ്റി വിധിച്ചത്.
51-ാം മിനിട്ടിൽ ബെർനാഡോ സിൽവയുടെ പാസിൽ നിന്നായിരുന്നു ഡേവിഡ് സിൽവയുടെ ഗോൾ. 63-ാം മിനിട്ടിൽ ഗബ്രിയേൽ ജീസസിന്റെ പാസിൽ നിന്ന് ഫോഡൻ അവസാന ഗോളും നേടി.
ഇൗ വിജയത്തോടെ 30 മത്സരങ്ങളിൽനിന്ന് 63 പോയിന്റായ മാഞ്ചസ്റ്റർ സിറ്റി പ്രിമിയർ ലീഗിൽ രണ്ടാംസ്ഥാനത്ത് തുടരുകയാണ്. 30 മത്സരങ്ങളിൽനിന്ന് 83 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്. 30 വർഷത്തിന് ശേഷമുള്ള ലീഗ് കിരീടം തേടി ലോക്ക് ഡൗണിന് ശേഷം ആദ്യ മത്സരത്തിനിറങ്ങിയ ലിവർപൂൾ കഴിഞ്ഞദിവസം എവർട്ടണോട് ഗോൾ രഹിത സമനിലയിൽ കുടുങ്ങിയിരുന്നു. ഇന്ന് ലിവർപൂൾ ക്രിസ്റ്റൽ പാലസിനെ നേരിടും.
അഗ്യൂറോയ്ക്ക് പരിക്ക്
സീസൺ നഷ്ടമാകും
ബേൺലിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റി താരം സെർജി അഗ്യൂറോയ്ക്ക് സീസണിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാൻ കഴിഞ്ഞേക്കില്ലെന്ന് കോച്ച് പെപ് ഗ്വാർഡിയോള അറിയിച്ചു. ബേൺലി താരങ്ങളായ മീ, സീച്ചെങ്കോ എന്നിവരുമായി കൂട്ടിയിടിച്ചാണ് അഗ്യൂറോയ്ക്ക് പരിക്കേറ്റത്.
ഇന്നത്തെ മത്സരങ്ങൾ
മാഞ്ച. യുണൈറ്റവഡ് Vs ഷെഫീൽഡ്
ന്യൂകാസിൽ Vs ആസ്റ്റൺ വില്ല
നോർവിച്ച് Vs എവർട്ടൺ
(രാത്രി 10.30 മുതൽ)
ലിവർപൂൾ Vs ക്രിസ്റ്റൽ പാലസ്
(രാത്രി 12.45 മുതൽ)
സ്റ്റാർ സ്പോർട്സിൽ ലൈവ്