ബൊളോന്യയെ 2 - 0 ത്തിന് കീഴടക്കി
ടൂറിൻ : കഴിഞ്ഞയാഴ്ച കോപ്പ ഇറ്റാലിയ ഫൈനലിൽ നാപ്പോളിയോട് പെനാൽറ്റിയിൽ തോറ്റതിന്റെ ക്ഷീണം തീർത്ത് ഇറ്റാലിയൻ സെരി എയിൽ യുവന്റസിന്റെ തിരിച്ചുവരവ്. കൊവിഡിന് ശേഷമുള്ള തങ്ങളുടെ ആദ്യ സെരി എ മത്സരത്തിൽ യുവന്റസ് 2 - 0 ത്തിന് ബൊളോന്യയെയാണ് കീഴടക്കിയത്.
ആദ്യ പകുതിയിൽ സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും പൗലോ ഡിബാലയും നേടിയ ഗോളുകൾക്കായിരുന്നു യുവന്റസിന്റ വിജയം. അവസാന മിനിട്ടിൽ ഡാനിലോയെ രണ്ടാം മഞ്ഞക്കാർഡ് കണ്ട് നഷ്ടമായത് മാത്രമായിരുന്നു മത്സരത്തിൽ ചാമ്പ്യൻക്ളബിന് തിരിച്ചടിയായത്. കളി തീരുന്നതിന് തൊട്ടുമുമ്പ് ക്രിസ്റ്റ്യാനോ വീണ്ടും വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചിരുന്നു.
23-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് ക്രിസ്റ്റ്യാനോ ആദ്യ ഗോൾ നേടിയിരുന്നത്. ഒരു കോർണർ കിക്കിനിടെ ഡിലൈറ്റിനെ ജഴ്സിയിൽ പിടിച്ച് വലിച്ചിട്ടതിനാലാണ് റഫറി പെനാൽറ്റി വിധിച്ചത്. തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ കോപ്പാ ഇറ്റാലിയ സെമിയിൽ എ.സിമിലാനെതിരെ പെനാൽറ്റി പാഴാക്കിയിരുന്ന ക്രിസ്റ്റ്യാനോയ്ക്ക് ഇത്തവണ പിഴച്ചില്ല.
36-ാം മിനിട്ടിൽ ബെർനാദേഷിയുടെ പാസിൽനിന്നാണ് ഡിബാല തകർപ്പനൊരു ഷോട്ടിലൂടെ വലയിലേക്ക് പന്തടിച്ചു വളച്ചുകയറ്റിയത്. കോപ്പ ഇറ്റാലിയ ഫൈനലിൽ ഡിബാല പെനാൽറ്റി പാഴാക്കിയിരുന്നു.
ഇൗ വിജയത്തോടെ 27 മത്സരങ്ങളിൽനിന്ന് 66 പോയിന്റുമായി യുവന്റസ് ഒന്നാംസ്ഥാനത്ത് തുടരുകയാണ്.
26 മത്സരങ്ങളിൽനിന്ന് 62 പോയിന്റുള്ള ലാസിയോയാണ് രണ്ടാംസ്ഥാനത്ത്.
റെക്കാഡ് റൊണാൾഡോ
ഇറ്റാലിയൻ സെരി എയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന പോർച്ചുഗീസ് താരമെന്ന റെക്കാഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി.
രണ്ട് സീസൺ കൊണ്ട് 43 ഗോളുകൾ തികച്ച ക്രിസ്റ്റ്യാനോ റൂയി കോസ്റ്റ അഞ്ച് സീസൺ കളിച്ചുനേടിയ റെക്കാഡാണ് തകർത്തത്.
ഇംഗ്ളീഷ് പ്രിമിയർ ലീഗ് (84), സ്പാനിഷ് ലാലിഗ (311) എന്നിവയിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോയാണ്.