കാട്ടാക്കട: എഴുത്തുകാരൻ രാജേന്ദ്രൻ ചെറുപൊയ്കയ്ക്ക്(65) കാട്ടാക്കടയുടെ അന്ത്യാഞ്ജലി. മരണവിവരം അറിഞ്ഞ് സമൂഹത്തിന്റെ നാനാതുറകളിലെ പ്രമുഖർ കാട്ടാക്കട കഞ്ചിയൂർക്കോണത്തെ വീടായ ഹൃദ്യയിലെത്തി അന്തിമോപചാരമർപ്പിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗ്രന്ഥകാരനും പരിഭാഷകനുമായ ഇദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ഭൗതികശരീരം താൻ പഠിപ്പിച്ചിരുന്ന പങ്കജകസ്തൂരി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനായി കൈമാറി.
കൊല്ലം ശാസ്താംകോട്ടയ്ക്കടുത്ത് ചെറുപൊയ്ക സ്വദേശിയാണ് രാജേന്ദ്രൻ. ശാസ്താംകോട്ട ദേവസ്വംബോർഡ് കോളേജിൽ നിന്ന് കൊമേഴ്സിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദം നേടി. പിന്നീട് പങ്കജകസ്തൂരി മെഡിക്കൽ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗ്രന്ഥകാരനും പരിഭാഷകനുമായി. വർഷങ്ങളായി കാട്ടാക്കടയിലെ സാഹിത്യ-സാംസ്കാരിക മേഖലയിലെ സജീവ സാന്നിദ്ധ്യമായി മാറുകയായിരുന്നു. നിരവധി പരിഭാഷാകൃതികളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം മുൻ കാട്ടാക്കട മേഖലാ വൈസ് പ്രസിഡന്റുമായിരുന്നു. വൈരുദ്ധ്യാത്മക ദൈവീകവാദം, പ്രിയപ്പെട്ട മാർക്സിന് സ്റ്റേഹപൂർവം, പരദേശികൾ കണ്ട ഇന്ത്യ, കുമാരനാശാൻ ദ പൊയറ്റ് ഒഫ് റിണൈസൻസ് തുടങ്ങി 42 പുസ്തകങ്ങളുടെ രചയിതാവാണ്.