തിരുവനന്തപുരം:തലസ്ഥാനത്ത് കൊവിഡ് രോഗവിവരം മറച്ചുവച്ചതിന് ഒരാൾക്കെതിരെ ഇന്നലെ കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. വഞ്ചിയൂർ സ്വദേശി 54കാരനെതിരെയാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. ഇയാൾ ഖത്തറിൽ നിന്നും ജൂൺ 10ന് ചെന്നൈയിലെത്തി. 12ന് കൊവിഡ് സ്ഥിരീകരിച്ച് ചെങ്കൽപ്പേട്ട് മെഡിക്കൽ കോളേജിൽ ചികിത്സയിലുമായിരുന്നു.അവിടെ നിന്നും രോഗം ഭേദമാകാതെ ഡിസ്ചാർജ്ജായ ഇയാൾ 21ന് തിരുവനന്തപുരത്ത് വിമാനത്തിലെത്തി. അവിടെ രോഗവിവരം വെളിപ്പെടുത്താതെ വഞ്ചിയൂരിലെ കുടുംബ വീട്ടിലെത്തി.പൊലീസും ആരോഗ്യ പ്രവർത്തകരും കൂടുതൽ ചോദിച്ചപ്പോഴാണ് ഇയാൾ രോഗവിവരം വെളിപ്പെടുത്തിയത്. 22ന് ആശുപത്രിയിൽ എത്തിച്ച ശേഷമുള്ള പരിശോധനയിലും കൊവിഡ് പോസിറ്റീവ് ആയിരുന്നു. രോഗവിവരം മറച്ചു വച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.
ലോക്ക് ഡൗൺ ലംഘിച്ച 59 പേർക്കെതിരെയും കേസെടുത്തു. മാർഗനിർദേശങ്ങൾ പാലിക്കാതെ യാത്ര ചെയ്ത 23 വാഹനങ്ങളുടെ ഉടമകൾക്കെതിരെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 172 പേർക്കെതിരെയും നടപടി സ്വീകരിച്ചു. നഗരത്തിലെ ആട്ടോ, ടാക്സി വാഹനങ്ങളിൽ ട്രിപ്പ് ഷീറ്റ് സംവിധാനം ഏർപ്പെടുത്തിയതായും കമ്മിഷണർ അറിയിച്ചു.എല്ലാ ആട്ടോ റിക്ഷാ, ടാക്സി വാഹനങ്ങളിലും യാത്രക്കാർക്ക് കാണാൻ കഴിയുന്ന വിധത്തിൽ ഡ്രൈവരുടെ പേരും ഫോൺ നമ്പരും വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പരും എഴുതി പ്രദർശിപ്പിക്കണം.ട്രിപ്പ് ഷീറ്റ് ബുക്കിൽ ഓരോ ദിവസവും വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെ പേര്,ഫോൺ നമ്പർ,കയറിയതും ഇറങ്ങിയതുമായ സ്ഥലം,സമയം എന്നിവ നിർബന്ധമായും രേഖപ്പെടുത്തണം.സ്ത്രീ യാത്രക്കാരുടെ ഉറ്റ ബന്ധുക്കളുടെ ഫോൺ നമ്പർ മാത്രമേ ട്രിപ്പ് ഷീറ്റിൽ രേഖപ്പെടുത്താവൂ. ഡ്രൈവർമാർ നിർബന്ധമായും മാസ്ക്,, കൈയുറ എന്നിവ ശരിയായ രീതിയിൽ ധരിക്കേണ്ടതും സാനിറ്റൈസർ വാഹനത്തിൽ സൂക്ഷിക്കേണ്ടതുമാണ്.ഡി സി പി ഡോ.ദിവ്യ .വി. ഗോപിനാഥ്, ട്രാഫിക് അസി. കമ്മിഷണർമാരായ സുരേഷ്‌കുമാർ, അരുൺരാജ് എന്നിവർ ട്രിപ്പ് ഷീറ്റ് സംവിധാനത്തിന്റെ മേൽനോട്ടം വഹിക്കും.നിർദ്ദേശങ്ങൾ പാലിക്കാത്ത ഡ്രൈവർമാർക്കെതിരെ കർക്കശമായ നിയമ നടപടി സ്വീകരിക്കും.യാത്രക്കാർക്ക് 0471255 8731, 04712558732 എന്നീ നമ്പരുകളിൽ പരാതി അറിയിക്കാം.