പാലോട്: ഞാറനീലി ദേവീക്ഷേത്രത്തിന് സമീപം നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് പാഞ്ഞുകയറി അമ്മൂമ്മയ്‌ക്കും ചെറുമകനും ഗുരുതര പരിക്ക്. അശ്വതി ഭവനിൽ കൃഷ്‌ണമ്മ (85), അഭിജിത്ത് (8) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 7ഓടെ അരയക്കുന്നിൽ നിന്നും ഞാനീലിയിലേക്ക് വന്ന ആൾട്ടോ കാറാണ് നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയത്. ഇവരോടൊപ്പം വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന അഭിജിത്തിന്റെ ഇരട്ട സഹോദരൻ ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. കാർ യാത്രക്കാരായ അനീഷ്, വിപിൻ എന്നിവർക്കും പരിക്കേറ്റു. കൃഷ്‌ണമ്മയുടെ കാലുകൾ മുറിഞ്ഞുമാറിയ നിലയിലാണ്. കൃഷ്‌ണമ്മ, അനീഷ്, വിപിൻ എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും അഭിജിത്തിനെ എസ്.എ.ടിയിലേക്കും മാറ്റി. വാഹനം അമിതവേഗതയിലായിരുന്നതായി നാട്ടുകാർ പറഞ്ഞു. പാലോട് പൊലീസ് കേസെടുത്തു.