123

തിരുവനന്തപുരം: സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ സൗത്ത് സബ് ജില്ലയുടെ നേതൃത്വത്തിൽ തൈക്കാട് മോഡൽ എൽ.പി സ്കൂളിൽ ആരംഭിച്ച ജൈവകൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ഇന്ന് വൈകിട്ട് 3ന് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവഹിക്കും. സ്കൂളിന്റെ പിറകുവശത്തെ 80 സെന്റിലാണ് വിവിധ തരം കൃഷി നടത്തുന്നത്.സ്കൂളിലെയും കെ.എസ്.ടി.എയുടെയും അദ്ധ്യാപകരും പ്രതിനിധികളുമാണ് കൃഷി പരിപാലിക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ടാണ് സ്കൂളിൽ കൃഷി ചെയ്തിരിക്കുന്നത്. ചീര, വെണ്ട,പാവൽ,വഴുതനങ്ങ,തക്കാളി മുളക്,പയർ എന്നിങ്ങനെയുള്ള ഇനങ്ങളാണ് താത്കാലിക അടിസ്ഥാനത്തിൽ കൃഷി ചെയ്തിരിക്കുന്നത്.വാഴ, ചേമ്പ്, ചേന, കാച്ചിൽ, മധുരക്കിഴങ്ങ് തുടങ്ങിയ വിഭാഗങ്ങളാണ് ദീർഘകാല അടിസ്ഥാനത്തിൽ കൃഷി ചെയ്തിരിക്കുന്നത്. കൃഷി ഓഫീസിൽ നിന്നാണ് വിത്തും വളവും ലഭിച്ചത്.തുടർന്ന് അദ്ധ്യാപകരും കൃഷി ഓഫീസിലെ കാർഷിക കർമ്മ സേനയിലെ ഒരു ജോലിക്കാരനും ചേർന്നാണ് കൃഷിയുടെ പരിപാലനവും മറ്റും നടത്തിയത്.ആദ്യഘട്ടമായ ഇന്ന് ചീരയുടെ വിളവെടുപ്പാണ് നടക്കുന്നത്.വിളവെടുക്കുന്ന ചീര അടുത്തുതന്നെയുള്ള ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കായി നൽകും.ശിശുക്ഷേമ സമിതിയിലെ 26 കുട്ടികൾ ഈ സ്കൂളിലാണ് പഠിക്കുന്നത്.ഇതുവരെ അദ്ധ്യാപകർക്കായി ആയിരം ഗ്രോബാഗുകൾ തയ്യാറാക്കി നൽകി.3000 ഗ്രോബാഗുകൾ കൂടി ഇനി തയ്യാറാക്കി ആവശ്യക്കാർ വരുന്നതിനനുസരിച്ച് നൽകും.കെ.എസ്.ടി.എ ജില്ല ജോയിന്റ് സെക്രട്ടറി എം.ഷാജിയാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.