കുണ്ടറ: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊന്നു. കരിക്കുഴി മാപ്പിളപൊയ്ക മേലതിൽ ഷക്കീർ ബാബുവാണ് (ചിക്കു, 34) മരിച്ചത്. പേരയം കുരിശ്ശടിമുക്കിൽ വൈകിട്ട് 5.30നായിരുന്നു സംഭവം. പേരയത്ത് ജിംനേഷ്യം പരിശീലനം നടത്തുന്ന പ്രജീഷാണ് (28) ഷക്കീറിനെ കുത്തിയത്. പൊലീസ് പറയുന്നതിങ്ങനെ: കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷക്കീർബാബു. ഇയാൾ പ്രജീഷിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. പൊലിസെത്തിയാണ് പ്രജീഷിനെ രക്ഷപ്പെടുത്തിയത്. പിന്നീട് ജിംനേഷ്യത്തിൽ കടന്നുകയറി ഡംബെൽ ഉപയോഗിച്ച് പ്രജീഷിന്റെ തല ഇടിച്ച് പൊട്ടിച്ചിരുന്നു. ഈ കേസിൽ ജയിലിലായിരുന്ന ഷക്കീർബാബു ഒരാഴ്ചമുമ്പാണ് ഹൈക്കോടതിയിൽനിന്ന് ജാമ്യം നേടി നാട്ടിലെത്തിയത്. തുടർന്ന് പേരയം കുരിശടിമുക്കിൽ വച്ച് പ്രജീഷുമായി വാക്കേറ്റമുണ്ടായി. സുഹൃത്തുക്കൾ ഇടപെട്ട് പ്രജീഷിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടിൽനിന്ന് കത്തിയുമായി എത്തിയ പ്രജീഷ് ഷക്കീർബാബുവിനെ കുത്തുകയായിരുന്നു. കഴുത്തിൽ കുത്തേറ്റ ഷക്കീർബാബുവിനെ നാട്ടുകാർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒളിവിൽപോയ പ്രജീഷിനായി കുണ്ടറ പൊലീസ് തെരച്ചിൽ ആരംഭിച്ചു. ഷാജയാണ് ഷക്കീർബാബുവിന്റെ ഭാര്യ. ഒരു മകനുമുണ്ട്.