pic

തിരുവനന്തപുരം: സമ്പർക്കത്തിലൂടെയുളള കൊവിഡ് വ്യാപനം തടയാൻ തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് മുതൽ കർശന നിയന്ത്രണം. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ മാർക്കറ്റുകളിലും മാളുകളിലും ഇന്ന് മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.

തലസ്ഥാനത്ത് സെക്രട്ടറിയേറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ഇന്ന് മുതൽ പ്രബല്യത്തിൽ വരും. ആൾതിരക്ക് ഏറെയുള്ള ചാല, പാളയം തുടങ്ങിയ പ്രധാന മാർക്കറ്റുകളിൽ കടകൾ തുറക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ പച്ചക്കറി, പഴം തുടങ്ങിയ കടകൾ പ്രവർത്തിക്കും. മാളുകളും സൂപ്പർമാർക്കറ്റുകളും തുറക്കുന്നത് തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും.പലചരക്ക് കടകളും മറ്റ് കടകളും ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കും.

അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ കരിക്കകം, കടകംപള്ളി വാർഡുകൾ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും. ഇതിനിടെ, കാട്ടാക്കടയിലെ 10 വാർഡുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. 3, 5, 7, 8, 16, 17, 18, 19, 20, 21, വാർഡുകളെയാണ് ഒഴിവാക്കിയത്.