തിരുവനന്തപുരം: കേരളത്തിലേക്കുള്ള യാത്രക്ക് ഗൾഫിലെ പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിൽ ഇളവുവരുത്തിയേക്കുമെന്ന് റിപ്പോർട്ട്. ട്രുനാറ്റ് ടെസ്റ്റിനുപകരം ആന്റിബോഡി ടെസ്റ്റ് ഏർപ്പെടുത്തിയേക്കും. കിറ്റും എൻ 95 മാസ്കും ഉള്ളവരെ പ്രവേശിപ്പിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. കൊവിഡ് പരിശോധനാ സൗകര്യങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുവരുന്നവർക്കാണ് ഈ ഇളവുകൾ അനുവദിക്കുക. ഇക്കാര്യങ്ങളെല്ലാം ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ചർച്ചചെയ്യും.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ പ്രശ്നത്തിൽ കേന്ദ്രസർക്കാരുമായി ചർച്ചകൾ തുടരുകയാണെന്നും അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പ്രവാസികൾക്ക് ട്രുനാറ്റ് റാപ്പിഡ് പരിശോധന നടത്തണമെന്ന കേരളത്തിന്റെ നിർദ്ദേശം ഇന്നലെ കേന്ദ്രം തള്ളിയിരുന്നു. ട്രുനാറ്റ് പരിശോധന ഗൾഫ് രാജ്യങ്ങൾ അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തെഴുതിരുന്നു. എംബസികളുമായി നത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം.