ta

ബംഗളൂരു: തട്ടിപ്പ് സംഘത്തിന് ഒത്താശ ചെയ്ത് കോടികൾ കൈക്കൂലി വാങ്ങിയതിന്റെ പേരിൽ സി.ബി.ഐ അന്വേഷണം നേരിടുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ബി.എം വിജയശങ്കറി (59) നെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നിക്ഷേപകരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുക്കുന്ന സ്ഥാപനത്തെപ്പറ്റി അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥനാണ് ഇയാൾ. എന്നാൽ തട്ടിപ്പ് സംഘത്തിനൊപ്പം ചേർന്ന് ഒന്നരക്കോടിയോളം കൈപ്പറ്റി ഒത്താശ ചെയ്യുകയായിരുന്നു.

വൺ മോണിട്ടറി അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപകർക്ക് വലിയ ഓഫറുകൾ നൽകി, നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തി വന്ന സംഘത്തിനാണ് ഇയാൾ ഒത്താശ ചെയ്തത്. തട്ടിപ്പ് കേസിൽ ആരോപണം നേരിടുന്നവരിൽ പ്രധാനിയാണ് വിജയശങ്കർ. കേസിൽപ്പെടുമ്പോൾ ബംഗളൂരു അർബൻ ജില്ലയുടെ ഡെപ്യുട്ടി കമ്മിഷണറായിരുന്നു.

തട്ടിപ്പ് കമ്പനി ഉടമ മൻസൂർ ഖാനിൽ നിന്ന് ഒന്നര കോടി രൂപ കൈക്കൂലി കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂലായിൽ വിജയശങ്കർ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ഇതിനുശേഷം ഇയാൾ കടുത്ത വിഷാദരോഗത്തിന് അടിപ്പെട്ടിരുന്നു. ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ജനുവരിയിൽ കേസ് സി.ബി.ഐക്ക് കൈമാറിയത്.

കർണാടക, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു പേരെ നിക്ഷേപ പദ്ധതിയിൽ ചേർത്തായിരുന്നു തട്ടിപ്പ്.

നിക്ഷേപകരിൽ നിന്ന് അനധികൃത മാർഗത്തിൽ മൻസൂർ ഖാനും മറ്റുള്ളവരും വൻതുക തട്ടിയെടുക്കുന്നത് ആദായ നികുതി വകുപ്പിനും റിസർവ് ബാങ്കിനും സംശയം സൃഷ്ടിച്ചിരുന്നു. നിക്ഷേപത്തെകുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ബി.ഐ സംസ്ഥാന സർക്കാരിന് കത്ത് നൽകി. അന്വേഷിക്കാൻ സർക്കാർ വിജയശങ്കറെയാണ് നിയോഗിച്ചത്. എന്നാൽ തട്ടിപ്പ് സംഘത്തിൽ നിന്ന് വിജയശങ്കറും അസിസ്റ്റന്റ് കമ്മീഷണർ എൽ.സി നാഗ്രാജും ചേർന്ന് ഒന്നര കോടി രൂപ കൈക്കൂലി വാങ്ങി അവർക്ക് ഒത്താശ ചെയ്യുകയായിരുന്നു. ഇത് സി.ബി.ഐ കണ്ടെത്തുകയായിരുന്നു.ദുബായിലേക്ക് കടന്ന മൻസൂർ ഖാനെ ജൂലായ് 19ന് അറസ്റ്റു ചെയ്ത് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. മൂൻസൂറും, തട്ടിപ്പ് കമ്പനിയുടെ ഏഴ് ഡയറക്ടർമാരും ഒരു കോർപ്പറേറ്റ് മേധാവിയും മറ്റും പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി.