crime-

കൊച്ചി: കൊല്ലം കുണ്ടറയിൽ നടുറോഡിൽ ഗുണ്ടാ നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കൊച്ചിയിൽ പിടിയിലായി. കുണ്ടറ സ്വദേശികളായ പ്രജീഷ്, ബിന്റോ സാബു എന്നിവരെയാണ് എളമക്കര പൊലീസ് പിടികൂടിയത്. വാഹനപരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്.

മുപ്പത്തി​നാലുകാരനായ സക്കീർ ബാബുവെന്ന യുവാവാണ് കൊല്ലപ്പെട്ടത്. മുൻവൈരാഗ്യത്തെ തുടർന്നാണ് പ്രജീഷ് കൊല നടത്തി​യത്. പ്രജീഷി​ന്റെ ബന്ധുമായ പെൺകുട്ടിയെ സക്കീർ ശല്യം ചെയ്തതാണ് തർക്കത്തിന് തുടക്കം. ഇത് ചോദ്യം ചെയ്ത പ്രജീഷിനെ സക്കീറും സംഘം കാറിൽ തട്ടികൊണ്ടു പോയി മർദ്ദിച്ചു. ഈ കേസിൽ അറസ്റ്റിലായ സക്കീർ കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ പുറത്തിറങ്ങി. വീണ്ടും ഇയാൾ പ്രജീഷിനെ ആക്രമിച്ചു. അതോടെ സക്കീർ വീണ്ടും അകത്തായി. കഴിഞ്ഞദിവസം ജാമ്യം നേടി പുറത്തിറങ്ങിയ സക്കീർ പ്രജീഷിനെ വീണ്ടും ആക്രമിച്ചു. രക്ഷപ്പെട്ടാേടിയ പ്രജീഷ് കത്തിയുമായി എത്തി സക്കീറിനെ കുത്തിവീഴ്ത്തുകയായിരുന്നു.

കൊലയ്ക്കുശേഷം ബിന്റോ സാബുവിന്റെ സഹായത്തോടെ കൊല്ലത്ത് നിന്ന് ചരക്ക് ലോറിയിൽ ഇടപ്പള്ളിയിലെത്തി. ഇവിടെനി​ന്ന് മറ്റൊരു സുഹൃത്തിന്റെ കാറിലേക്ക് കയറുന്നതിനിടെ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസെത്തി​. സംശയം തോന്നി​ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ പ്രതികളാണെന്ന് വ്യക്തമായതും അറസ്റ്റ് ചെയ്തതും. പ്രതികളെ കുണ്ടറ പൊലീസിന് കൈമാറി.