തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ നിർദേശാനുസരണം ജില്ലാ ഭരണകൂടവും പൊലീസും നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ തലസ്ഥാനനഗരിയിൽ റോഡുകളിലും മാർക്കറ്റുകളിലും തിരക്ക് കുറഞ്ഞ് തുടങ്ങി. ആളുകൾ കൂട്ടം കൂടുന്നതും അനാവശ്യയാത്രകൾ തടയാനും പൊതു സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനുമുള്ള നടപടികൾ കർശനമാക്കിയതോടെയാണ് നഗരത്തിലുൾപ്പെടെ തിരുവനന്തപുരം ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുന്നത്.
ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ചശേഷം തിരുവനന്തപുരം നഗരത്തിൽ രോഗവ്യാപനത്തിന്റെ തോത് വർദ്ധിച്ച സാഹചര്യത്തിലാണ് സമൂഹവ്യാപനത്തിനുള്ള സാദ്ധ്യതകൾ ഇല്ലാതാക്കാൻ സർക്കാർ നടപടികൾ കടുപ്പിച്ചത്. കൊവിഡിനെ കൂസാതെ കൂട്ടത്തോടെ പുറത്തിറങ്ങിയ ആളുകൾ സാമൂഹ്യഅകലവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാൻ കൂട്ടാക്കാതിരുന്നത് ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചത്.
ഒരുകുടുംബത്തിലെ നാലുപേർ ഉൾപ്പെടെ എട്ടുപേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നതിന് പുറമേ ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും തിരുവനന്തപുരത്ത് പെരുകിയതാണ് ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും ആശങ്കകൾ വർദ്ധിപ്പിച്ചത്. ഇതേ തുടർന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ലോക്ക്ഡൗൺ കാലത്തേതുപോലെ നിയന്ത്രണങ്ങൾ കടുപ്പിക്കാനും പരിശോധനകൾ കർശനമാക്കാനും തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കടകളിലും സ്ഥാപനങ്ങളിലും കൈകൾ ശുദ്ധമാക്കുന്നതിന് സോപ്പും വെള്ളവും നിർബന്ധമാക്കുകയും സാമൂഹ്യ അകലം കർശനമാക്കുകയും ചെയ്തിരുന്നു.
മാസ്ക് ധരിക്കാത്തവർക്കെതിരായ നടപടികളും കടുപ്പിച്ചു. പൊലീസും ആരോഗ്യ പ്രവർത്തകരും നഗരസഭയുടെ ഹെൽത്ത് സ്ക്വാഡും പരിശോധനകൾ വ്യാപിപ്പിച്ചു. അതിന് പിന്നാലെ ഇന്ന് മുതൽ ചാല, പാളയം തുടങ്ങി പ്രധാന മാർക്കറ്റുകളിലും സൂപ്പർ മാർക്കറ്റ്, മാളുകൾ എന്നിവിടങ്ങളിലും അമ്പത് ശതമാനം വീതം കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറന്നാൽ മതിയെന്ന നിർദേശം കൂടി നടപ്പായതാണ് തിരക്ക് കുറയാൻ കാരണമായത്. ഇതോടെ നഗരത്തിലെ പ്രധാന കമ്പോളങ്ങളായ ചാല, പാളയം കണ്ണിമേറ എന്നിവിടങ്ങളിൽ സാധനങ്ങൾ വാങ്ങനെത്തുന്നവരുടെ തിരക്ക് നന്നേ കുറഞ്ഞു. ഇത് മത്സ്യം , പച്ചക്കറി, പഴവർഗങ്ങൾ തുടങ്ങിയവ കച്ചവടം ചെയ്യുന്നവരെ ബാധിച്ചിട്ടുണ്ട്.
കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് നഗരത്തിലെ കടകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം. സാമൂഹ്യ അകലം പാലിച്ച് മാത്രമാണ് ആളുകളെ കടകളിൽ പ്രവേശിപ്പിക്കുന്നത്. കടകളിലും സ്ഥാപനങ്ങളിലും എത്തുന്നവരുടെ പേരും ഫോൺ നമ്പരും സൂക്ഷിക്കാൻ രജിസ്റ്ററുകളും ഏർപ്പെടുത്തിയിട്ടുണ്ട്.നഗരത്തിലെ യാത്രക്കാരുടെ വിവരങ്ങൾ സൂക്ഷിക്കാൻ ആട്ടോ ടാക്സി വാഹനങ്ങളിൽ ട്രിപ്പ് ഷീറ്റ് ഏർപ്പെടുത്തി. യാത്രക്കാരുടെ പേരും ഫോൺനമ്പരും ഡ്രൈവർമാർ സൂക്ഷിക്കണം. സ്ത്രീയാത്രക്കാർ ബന്ധുക്കളുടെ നമ്പരാണ് നൽകേണ്ടത്. ആട്ടോയിലും ടാക്സികളിലും വാഹനത്തിന്റെയും ഡ്രൈവറുടെ മൊബൈൽ നമ്പരും പ്രദർശിപ്പിച്ചിരിക്കണം.ഇത് യാത്രക്കാരും എഴുതി സൂക്ഷിക്കണം.
കണ്ടെയ്ൻമെന്റ് സോണുകളിലടക്കം അനാവശ്യയാത്രകൾ ഒഴിവാക്കുന്നതിനുള്ള പരിശോധനകളും കർശനമായി. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിനുള്ള തീരുമാനങ്ങൾ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ കൈക്കൊള്ളുന്നതോടെ വരുംമണിക്കൂറുകളിൽ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാക്കാനാകുമെന്നാണ് കരുതുന്നത്. മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്നലെ നഗരത്തിലെ കടകംപള്ളി, കരിക്കകം പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണിലായി. ജൂനിയർ ആർട്ടിസ്റ്റായ ആട്ടോ ഡ്രൈവർക്കും കുടുംബത്തിനും രോഗബാധയുണ്ടയതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള കാലടി ജംഗ്ഷൻ, ആറ്റുകാൽ, മണക്കാട് ജംഗ്ഷൻ, ചിറമുക്ക് -കാലടി റോഡ്, ഐരാണിമുട്ടം എന്നിവിടങ്ങളിൽ പ്രധാന റോഡുകളിലേക്കുള്ള ഇടറോഡുകൾ അടച്ചിരിക്കുകയാണ്. അനാവശ്യയാത്രകൾ തടയാൻ പൊലീസ് പരിശോധനയുണ്ട്.നിയമലംഘനം ഇല്ലെന്ന് ഉറപ്പ് വരുത്താൻ കണ്ടെയ്ൻമെന്റ് സോണുകളിലടക്കം മുഴുവൻ സമയവും പൊലീസ് പട്രോളിംഗും ക്രമീകരിച്ചിരിക്കുകയാണ്.