vande-bharath-

ന്യൂഡൽഹി: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങൾ അമേരിക്കയിലേക്കും തിരിച്ചും സർവീസ് നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ അമേരിക്കൻ നടപടിയിൽ ഇടപെട്ട് കേന്ദ്രസർക്കാർ.വിമാനസർവീസുകൾ നടത്തുന്നതിന് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ അപേക്ഷകൾ പരിശോധിച്ചുവരികയാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിനായി വിമാനസർവീസുകൾ നടത്തുന്നതിന് മറ്റ് സാദ്ധ്യതകൾ ആരായുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളുമായി യോജിച്ചുള്ള ക്രമീകരണങ്ങൾ നടപ്പാക്കുന്നതിന്റെ സാദ്ധ്യതയാണ് പരിശോധിക്കുന്നത്. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.

എയർ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങൾ അമേരിക്കയിലേക്കും തിരിച്ചും സർവീസ് നടത്തുന്നതിന് മുൻകൂർ അനുമതി വേണമെന്നായിരുന്നു അമേരിക്കയുടെ നിർദേശം. 30 ദിവസം മുമ്പ് എയർ ഇന്ത്യ അപേക്ഷ നൽകിയിരിക്കണമെന്നും നിർദേശമുണ്ട്. മുൻകൂർ അനുമതിയില്ലെങ്കിൽ അടുത്തമാസം 22 മുതൽ എയർ ഇന്ത്യയുടെ സർവീസുകൾ അനുവദിക്കില്ല.സമാനമായ സർവീസുകൾ നടത്താൻ അമേരിക്കൻ വിമാനങ്ങൾക്ക് ഇന്ത്യ അനുമതി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

കഴിഞ്ഞ മാസം 26-ന് അമേരിക്കൻ വിമാനകമ്പനിയായ ഡെൽറ്റ എയർലൈൻസ് എയർ ഇന്ത്യക്ക് സമാനമായി ചാർട്ടേഡ് സർവീസ് നടത്താനായി ഇന്ത്യയുടെ വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ നൽകിയെങ്കിലും ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് അമേരിക്ക ചൂണ്ടിക്കാട്ടുന്നു. യു.എസ്, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ അവരുടെ വിമാനകമ്പനികൾക്ക് എയർ ഇന്ത്യ നടത്തുന്നതിന് സമാനമായ സർവീസുകള്‍ നടത്താൻ അനുമതി തേടിയിട്ടുണ്ട്. ഈ അപേക്ഷകൾ പരിശോധിച്ച് വരികയാണെന്നും മന്ത്രാലയം അറിയിച്ചു.