കൊച്ചി: നിർമ്മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ നിന്ന് മോഷ്ടിച്ച പ്രോസസർ മൂവാറ്റുപുഴയിൽനിന്ന് അന്വേഷണ സംഘം കണ്ടെടുത്തു.പ്രതികൾ ഒാൺലൈൻ വെബ് സൈറ്റിലൂടെ വിൽപ്പന നടത്തിയ പ്രോസസറാണ് വാങ്ങിയ ആളിൽ നിന്ന് വീണ്ടെടുത്തത്. പ്രോസസറിൽ നിന്ന് എന്തെങ്കിലും സുപ്രധാന വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഇതോടെ കപ്പലിൽ നിന്ന് മോഷണം പോയ എല്ലാ വസ്തുക്കളും അന്വേഷണസംഘം വീണ്ടെടുത്തു.ഹാർഡ് ഡിസ്‌ക്കുകളും റാമും മറ്റ് ഉപകരണങ്ങളും നേരത്തെ കണ്ടെത്തിയിരുന്നു.
2019 സെപ്തംബറിലാണ് മോഷണം നടന്നത്. കപ്പലിൽ സ്ഥാപിച്ചിരുന്ന കമ്പ്യൂട്ടറുകളിൽ നിന്ന് ഹാർഡ് ഡിസ്‌ക്, മൈക്രോ പ്രോസസർ, റാം, കേബിളുകൾ തുടങ്ങിയവയാണ് മോഷണം പോയത്. കപ്പൽശാലയിലെ കരാർ പെയിന്റിംഗ് തൊഴിലാളികളായിരുന്ന ബിഹാർ, രാജസ്ഥാർ സ്വദേശികളാണ് മോഷണം നടത്തിയത്. ജോലിനഷ്ടപ്പെട്ടതോടെയാണ് മോഷണം നടത്തിയതെന്നാണ് പ്രതികൾ പറയുന്നത്.