covid-death

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ്‌ എം.എൽ.എ തമൊനാഷ് ഘോഷ് (60) കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രാവിലെയോടെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. കഴിഞ്ഞ മാസമാണ്‌ തമൊനാഷിന് കൊവിഡ് സ്ഥിരീകരിച്ചത്‌. സൗത്ത് 24 പർഗാനയിൽ നിന്നുള്ള എം.എൽ.എയാണ് അദേഹം.

എം.എൽ.എയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി മമത ബാനർജി അനുശോചിച്ചു. കഴിഞ്ഞ 35 വർഷമായി പാർട്ടിക്കൊപ്പം നിന്ന വ്യക്തിയാണ് അദ്ദേഹം. പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി ജീവിതം അർപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രവർത്തനത്തിലൂടെ ജനങ്ങൾക്ക് വലിയ സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം പാർട്ടിയെ സംബന്ധിച്ച് വലിയ നഷ്ടമാണ്. എം.എൽ.എയുടെ ഭാര്യ ജർനയുടേയും രണ്ട് മക്കളുടേയും കുടുംബത്തിന്റേയും ദു:ഖത്തിൽ പങ്കുചേരുകയാണെന്നും മമതാ ബാനർജി പറഞ്ഞു.

മൂന്ന് തവണ എം.എൽ.എയായ വ്യക്തിയാണ് ഇദ്ദേഹം. 1998 മുതൽ തൃണമൂൽ കോൺഗ്രസിന്റെ ട്രഷറർ സ്ഥാനവും വഹിച്ചിട്ടുണ്ട്. നിരവധി രാഷ്ട്രീയ പ്രവർത്തകർക്ക് കൊവിഡ് ബാധ ഉണ്ടായിട്ടുണ്ട്. ഈ മാസം ആദ്യം തമിഴ്‌നാട്ടിലെ ഡി.എം.കെ നേതാവായ അൻപഴകൻ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.