തിരുവനന്തപുരം: സംസ്ഥാനത്തേക്ക് മടങ്ങിവരാൻ പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നാളെ മുതൽ നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങവെ പ്രവാസികൾക്കിടയിൽ വൻ ആശയക്കുഴപ്പം. യു.എ.ഇ, ഖത്തർ എന്നിവിടങ്ങൾ ഒഴികെ മറ്റൊരിടത്തും ഇതിനുള്ള സൗകര്യമില്ലാത്തതാണ് പ്രവാസികളുടെ ആശങ്ക വർദ്ധിപ്പിക്കുന്നത്.
അതേസമയം സരക്ഷിതത്വം പരമാവധി ഉറപ്പാക്കി പ്രവാസികളെ മടക്കി കൊണ്ടുവരുന്ന കാര്യം ഇപ്പോൾ ചേർന്നുകൊണ്ടിരിക്കുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യുമെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. നാട്ടിലേക്ക് മടങ്ങാൻ രജിസ്‌റ്റർ ചെയ്ത അഞ്ചുലക്ഷത്തോളം പ്രവാസികളിൽ ഒരു ലക്ഷംപേർക്കു മാത്രമെ ഇതുവരെ നാടണയാൻ കഴിഞ്ഞിട്ടൂള്ളൂ. ഇരുന്നൂറ്റി അറുപതിലേറെ മലയാളികൾ ഗൾഫിൽമാത്രം കൊവിഡ് ബാധിച്ച് മരിച്ചു എന്നതും ഇവരുടെ മടങ്ങിവരവിന്റെ അനിവാര്യത വ്യക്തമാക്കുന്നു.
സംസ്ഥാനം മുന്നോട്ടുവച്ച ട്രൂനാറ്റ് പരിശോധന വിദേശരാജ്യങ്ങളിൽ നടപ്പാക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് ബാധിച്ചവർക്ക് പ്രത്യേക വിമാനമെന്ന കേരളത്തിന്റെ ആവശ്യവും നടപ്പായില്ല. ഈ സാഹചര്യത്തിൽ പി.പി.ഇ കിറ്റ് നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങളാണ് കേരളം പരിഗണിക്കുന്നത്.
അതേസമയം, കേരളത്തിലേക്കുള്ള യാത്രക്ക് ഗൾഫിലെ പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിൽ ഇളവുവരുത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. കിറ്റും എൻ 95 മാസ്കും ഉള്ളവരെ പ്രവേശിപ്പിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്.
കൊവിഡ് പരിശോധനാ സൗകര്യങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുവരുന്നവർക്കാണ് ഈ ഇളവുകൾ അനുവദിക്കുക. ഇക്കാര്യങ്ങളെല്ലാം മന്ത്രിസഭായോഗത്തിൽ ചർച്ചചെയ്യും. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ പ്രശ്നത്തിൽ കേന്ദ്രസർക്കാരുമായി ചർച്ചകൾ തുടരുകയാണെന്നും അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.