കണ്ണൂർ:ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥൻ കെ. പി സുനിലിന്റെ ചികിത്സയിൽ ആശുപത്രിക്ക് വീഴ്ചസംഭവിച്ചുവെന്ന് ആരോപിച്ച് സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. ആരോഗ്യമന്ത്രി, പട്ടിക ജാതി-വർഗ കമ്മീഷൻ ചെയർമാൻ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.പരിയാരം മെഡിക്കൽ കോളജിൽ ജൂൺ 14 മുതൽ 16 വരെ സുനിലിന് ഒരു ചികിത്സയും നൽകിയില്ലെന്നതാണ് പരാതിയിലെ പ്രധാന ആരോപണം. തനിക്ക് ചികിത്സ കിട്ടുന്നില്ലെന്ന് മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് സുനിൽ പറയുന്നത് കുടുംബം കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. അതിനുപിന്നാലെയാണ് പരാതി നൽകിയത്.
എന്നാൽ ആരോപണം പരിയാരം മെഡിക്കൽ കോളേജ് അധികൃതർ നിഷേധിക്കുകയാണ്. ആശുപത്രിയിലെത്തിക്കുമ്പോൾ കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ തന്നെ സാരമായി ബാധിച്ചിരുന്നു എന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറയുന്നത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് നിലവിൽ കണ്ണൂരിൽ അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളുമാണ് നിലവിലുള്ളത്.