air-india

ദുബായ്: വന്ദേഭാരത് വിമാന സർവീസുകൾ ഉപയോഗപ്പെടുത്തി യു.എ.ഇയിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ അനുമതിതേടി എയർ ഇന്ത്യ. താമസവിസയുള്ളവർക്ക് ദുബായിലേക്ക് മടങ്ങിവരാൻ യു.എ.ഇ അനുമതി നൽകിയ പശ്ചാത്തലത്തിലാണിത്. അനുമതി കിട്ടുകയാണെങ്കിൽ കേരളത്തിൽ നിന്നടക്കം ആയിരക്കണക്കിന് പ്രവാസികൾക്ക് തിരികെ യു.എ.ഇയിലെത്തി ജോലിയിൽ പ്രവേശിക്കാം.

ദുബായിലേക്ക് ഉടനെ വിമാന സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ഇ-മെയിൽ അയച്ചിരുന്നു. തിരിച്ചുപോകുന്ന യാത്രക്കാർ അഭ്യർത്ഥിക്കുകയാണെങ്കിൽ അവർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള പി.സി.ആർ ടെസ്റ്റ് നടത്താൻ കേരളം തയ്യാറാണെന്ന് അറിയിച്ചതായും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

ജൂലായ് 10 മുതൽ ടൂറിസ്റ്റുകൾക്കും മറ്റ് സന്ദർശകർക്കും വിമാന മാർഗം എത്താനും ദുബായ് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ദുബായ് ഉൾപ്പെടെ ഗൾഫ് നാടുകളിൽ ജോലിചെയ്യുന്ന ധാരാളം പേർ തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുകയാണ്. ഇതു കണക്കിലെടുത്ത് ദുബായിലേക്ക് വിമാന സർവീസ് ആരംഭിക്കാൻന്‍ സിവിൽ വ്യോമയാന മന്ത്രാലയത്തിന് നിർദേശം നൽകണമെന്നാണ് പ്രധാനമന്ത്രിക്ക് അയച്ച ഇമെയില്‍ സന്ദേശത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.