ഷാർജ: ദുബായിലെ സ്‌പെയ്സ് മാക്സ് കമ്പനി ഉടമയും സ്‌പേസ് സൊല്യൂഷൻസ് ഇന്റർനാഷനൽ ഗ്രൂപ്പ് ഡയറക്ടറുമായിരുന്ന കണ്ണൂർ പനങ്കാവ് സ്വദേശി ടി.പി. അജിത്തിനെ (55) ഷാർജയിലെ ബഹുനില കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തി.
കഴിഞ്ഞ 30 വർഷമായി യു.എ.ഇയിലുള്ള അജിത്തിൻെറ കമ്പനിയിൽ ഇരുന്നൂറോളം ജീവനക്കാരുണ്ട്.
ദുബായിൽ നിന്ന് ഷാർജയിലെത്തിയ ഇദ്ദേഹത്തെ ബുഹൈറ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന അബ്ദുൽ നാസർ സ്ട്രീറ്റിലെ ടവറിൽ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഉടൻ തന്നെ അൽ ഖാസിമി ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബായിൽ താമസിക്കുന്ന അജിത്ത് പുലർച്ചെ ഷാർജയിലെത്തിയത് എന്തിനെന്നതിൽ വ്യക്തതയില്ല. സ്‌പേസ് സൊലൂഷൻസ് ഇന്റർനാഷണലിന് കീഴിൽ ഗോഡൗൺ, ലോജിസ്റ്റിക്ക്, വർക്ക് ഷോപ്പ്, കോൾഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റായ കേരളാ പ്രിമിയർ ലീഗ് ഡയറക്ടറായിരുന്ന ഇദ്ദേഹം ദുബായിലെ മെഡോസിലായിരുന്നു താമസിച്ചിരുന്നത്.
ഭാര്യ: ബിന്ദു. മകൻ അമർ എൻജിനീയറിങ് പഠനം പൂർത്തിയാക്കി അജിതിന്റെ കൂടെ ബിസിനസ് നോക്കിനടത്തുന്നു. മകൾ ലക്ഷ്മി വിദ്യാർത്ഥിയാണ്. അടുത്തിടെ കണ്ണൂരിൽ വീട് സ്വന്തമാക്കിയിരുന്നു. ജോയ് അറയ്ക്കൽ ജീവനൊടുക്കിയ വാർത്തയറിഞ്ഞപ്പോൾ അദ്ദേഹം എന്തിന് ഇതു ചെയ്‌തെന്ന് അജിത് അത്ഭുതപ്പെട്ടിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് പറയുന്നു. ഒരിക്കലും ജോയ് അതു ചെയ്യാൻ പാടില്ലായിരുന്നുവെന്നും ഏതു പ്രതിസന്ധികളെയും തരണം ചെയ്യാൻ ഒരു ബിസിനസുകാരൻ മാനസിക കരുത്ത് നേടണം എന്നുമായിരുന്നുവത്രെ അജിത് അന്ന് പറഞ്ഞിരുന്നത്.