മലപ്പുറം: മലപ്പുറം ഒതായി മനാഫ് വധക്കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. കേസിലെ ഒന്നാം പ്രതി ഒതായി സ്വദേശി മാലങ്ങാടൻ ഷഫീഖാണ് സംഭവം നടന്ന് 24 വർഷത്തിന് ശേഷം അറസ്റ്റിലായത്. പി.വി അൻവർ എം.എൽ.എയുടെ സഹോദരീപുത്രനാണ് ഷെഫീഖ്.
1995 ഏപ്രിൽ 13നായിരുന്നു മനാഫ് കൊല്ലപ്പെട്ടത്. എടവണ്ണ ഒതായി അങ്ങാടിയിൽ വച്ച് ആട്ടോറിക്ഷാ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസിൽ ആകെ 26 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ പി.വി അൻവർ അടക്കം 21 പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. ഒരു പ്രതി മരിക്കുകയും ചെയ്തതോടെ ഇപ്പോൾ കേസിൽ നാലു പ്രതികളാണ് ഉള്ളത്. 24 വർഷമായി വിദേശത്ത് ഒളിവിലായിരുന്നു അൻവറിന്റെ സഹോദരീ പുത്രനായ ഷെഫീഖ്. പി വി അൻവറിന്റെ മറ്റൊരു സഹോദരീപുത്രനും കേസിലെ മൂന്നാം പ്രതിയുമായിരുന്ന ഷെരീഫ് നേരത്തെ മഞ്ചേരി കോടതിയിൽ കീഴടങ്ങിയിരുന്നു. അൻവർ കേസിലെ രണ്ടാം പ്രതിയായിരുന്നു.