ന്യൂഡൽഹി: കൊവിഡിന് മരുന്ന് കണ്ടുപിടിച്ചതായുള്ള പതഞ്ജലിയുടെ അവകാശവാദത്തിൽ വിശദീകരണം തേടി കേന്ദ്ര ആയുഷ് മന്ത്രാലയം. അവകാശവാദത്തിന്റെ സാധുത പരിശോധിച്ച് ഉറപ്പാക്കുന്നതുവരെ മരുന്നിന്റെ പരസ്യങ്ങൾ പാടില്ലെന്നാണ് ആയുഷ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. അംഗീകരമില്ലാതെ പരസ്യം നടത്തുന്നത് നിയമങ്ങളുടെയും, കൊവിഡ് മാനദണ്ഡങ്ങളുടെയും ലംഘനമാണെന്നും മന്ത്രാലയം കമ്പനിയെ ഓർമിപ്പിച്ചു.
പതഞ്ജലി കണ്ടുപിടിച്ചെന്ന് പറയുന്ന ആയുർവേദ മരുന്നിന്റെ ശാസ്ത്രീയ വസ്തുതകൾ എന്താണെന്ന് അറിയില്ലെന്നും, അതിനാൽ മരുന്നിന്റെ ഗവേഷണം, പരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്പനിയോട് തേടിയതായും മന്ത്രാലയം അറിയിച്ചു. മാദ്ധ്യമങ്ങളിലൂടെയാണ് മരുന്ന് കണ്ടുപിടുത്തതിന്റെ വിവരം അറിഞ്ഞതെന്നും കമ്പനിയോട് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
മരുന്നിലെ മിശ്രണങ്ങൾ, ഗവേഷണം നടത്തിയ ആശുപത്രികൾ മറ്റ് കേന്ദ്രങ്ങൾ, പരീക്ഷണത്തിനായി ഉപയോഗിച്ച സാമ്പിളുകളുടെ എണ്ണം, ട്രയൽ പരിശോധന ഫലങ്ങൾ തുടങ്ങിയ വിവരങ്ങളെക്കുറിച്ച് കമ്പനിയോട് മന്ത്രാലയം വിശദീകരണം തേടി. മരുന്നിന് ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്‌സ് കമ്മറ്റിയുടെ അംഗീകാരമുണ്ടോ, ക്ലിനിക്കൽ ട്രയൽ രജിസ്ട്രി ഒഫ് ഇന്ത്യയുടെ രജിസ്‌ട്രേഷൻ എന്നീ വിവരങ്ങളും തേടിയിട്ടുണ്ട്. കമ്പനിക്ക് മരുന്ന് ഉത്പാദനത്തിന് നൽകിയ ലൈസൻസ്, മരുന്നിന് നൽകിയ അംഗീകാരം എന്നിവയുടെ പകർപ്പുകൾ സമർപ്പിക്കാൻ ഉത്തരാഖണ്ഡ് സർക്കാരിനോടും കേന്ദ്ര സർക്കാർ നിർദേശിച്ചു.
കൊവിഡ് രോഗ പ്രതിരോധത്തിനായുള്ള മരുന്ന് കണ്ടുപിടിക്കുന്നതിനായി ലോകം മുഴുവൻ ഗവേഷകർ കഠിന പ്രയത്‌നത്തിലാണ്. ഇതിനിടെയാണ് രോഗപ്രതിരോധത്തിന് ആയുർവേദ മരുന്ന് കണ്ടുപിടിച്ചതായി യോഗഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് അവകാശപ്പെടുന്നത്. 'കൊറോനിൽ' എന്ന പേരുള്ള മരുന്നിന്റെ ലോഞ്ചിംഗും കമ്പനി നടത്തി. അശ്വഗന്ത, ചിറ്റമൃത് തുടങ്ങിയ ഔഷധങ്ങളടങ്ങിയതാണ് മരുന്ന്. മരുന്ന് പരീക്ഷിച്ച രോഗികൾള്‍ക്ക് രോഗം മാറുകയോ ശരീരത്തിലെ വൈറസ് ബാധയുടെ തോത് കുറയുകയോ ചെയ്തതായി കമ്പനി അവകാശപ്പെടുന്നു.