ജനീവ: കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ ആഗോളതലത്തിൽ ഏകോപനത്തിന്റെ അഭാവമുണ്ടെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. രോഗത്തിന്റെ രണ്ടാം തരംഗം ഏതു നിമിഷവും തുടങ്ങിയേക്കാമെന്ന് പറഞ്ഞ ഗുട്ടെറസ്, ചികിത്സാ-പരിശോധനാ രീതികൾ, വാക്‌സിനുകൾ തുടങ്ങി കൊവിഡുമായി ബന്ധപ്പെട്ട ആശയങ്ങളിൽ രാജ്യങ്ങൾ ഏകീകരിച്ച് പ്രവർത്തിക്കുന്നത് കൊവിഡിനെ തുടച്ചു നീക്കാൻ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു.
ഒറ്റയ്ക്ക് നീങ്ങാനുള്ള നയം ചില രാജ്യങ്ങൾ പിന്തുടരുന്നത് വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പരാജയപ്പെടുത്താനിടയാക്കുമെന്ന് ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. ഒറ്റയ്ക്ക് നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ സാഹചര്യത്തെ നിയന്ത്രണാതീതമാക്കുകയാണെന്നും ഗുട്ടെറസ് പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം അഭിമുഖീകരിക്കേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡെന്ന് രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊവിഡിനെ അതിജീവിക്കാന്‍ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ശത്രുത അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്രതലത്തില്‍ സഹവര്‍ത്തിത്വം സ്ഥാപിക്കണമെന്നും ഗുട്ടെറസ് മാർച്ച് 23ന് ആഹ്വാനം ചെയ്തിരുന്നു.