indian-railway

ന്യൂഡൽഹി: കൊവിഡ് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നതിനാൽ ആഗസ്റ്റ് പകുതി വരെ ട്രെയിൻ സർവ്വീസുകൾ പുനഃരാരംഭിക്കില്ല. ഇതുവരെ ട്രെയിൻ സർവ്വീസിനായി ബുക്ക് ചെയ്ത മുഴുവൻ തുകയും തിരിച്ചുനൽകാൻ ഇന്ത്യൻ റെയിൽവേ മുഴുവൻ സോണുകൾക്കും നിർദേശം നൽകി.

ഏപ്രിൽ 14 നോ അതിന് മുമ്പോ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കാനും ടിക്കറ്റ് തുക പൂർണ്ണമായും റീഫണ്ട് ചെയ്യാനുമാണ് ഇന്ത്യൻ റെയിൽവേ നിർദേശം നൽകിയിരിക്കുന്നത്. ജൂൺ ഒന്നു മുതൽ പ്രത്യേകം ട്രെയിനുകൾ ആരംഭിച്ചിരുന്നെങ്കിലും കനത്ത മുൻകരുതലോടെയാണ് സർവീസ് നടത്തുന്നത്.

ടി.ടി.ഇമാർ ടൈയും കോട്ടും ധരിക്കണമെന്ന് നിർബന്ധമില്ല. പേരും പദവി സൂചിപ്പിക്കുന്ന ബാഡ്ജും ധരിക്കണമെന്ന് മാത്രം. മാസ്‌കുകൾ, ഫെയ്സ് ഷീൽഡുകൾ, ഹെഡ് കവറുകൾ, ഹാൻഡ് ഗ്ലൗസുകൾ, സാനിറ്റൈസർ, സോപ്പ് എന്നിവ എല്ലാ സ്റ്റാഫുകൾക്കും നൽകിയാണ് സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഇരുപത്തിനാല് മണിക്കൂറിനിടെ 15968 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് കേസുകൾ 4,56,183 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 465 പേരാണ് കൊവിഡ് ബാധിച്ചത് മരിച്ചത്. ഇതോടെ കൊവിഡ് മരണം 14476 ആയി. 2,58,685 പേർക്ക് കൊവിഡ് ഭേദമായി. ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുതിപ്പാണ്. 66,602 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 68 പേർകൂടി മരണപ്പെട്ടതോടെ മരണസംഖ്യ 2301 ആയി.