ന്യൂഡൽഹി:ഗൽവാൻ താഴ്‌വരയിൽ നടന്ന ആക്രമണത്തിന് ആസൂത്രണം ചെയ്തതും ഉത്തരവിട്ടതും ചൈനീസ് പടിഞ്ഞാറൻ കമാൻഡ് മേധാവി ഷാവോ ഷോൻകിയെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്. ഇന്ത്യയെ പാഠം പഠിപ്പിക്കാനും ചൈനയുടെ ശക്തി ഇന്ത്യയെ ബോദ്ധ്യപ്പെടുത്താനുമാണ് പെട്ടെന്നുള്ള ആക്രമണത്തിന് ചൈന തയ്യാറായത്.എന്നാൽ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു.
ഗൽവാനിലെ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. രണ്ട് ചൈനീസ് കമാൻഡിംഗ് ഓഫീസർമാർ കൊല്ലപ്പെട്ടെന്ന് ചൈന സ്ഥിരീകരിച്ചെങ്കിലും എത്ര സൈനികർ മരിച്ചെന്ന് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞദിവസം ഇന്ത്യയുടെയും ചൈനയുടെയും ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ അതിർത്തിയിൽ സൈന്യത്തെ ഒഴിവാക്കാൻ ധാരണയായിരുന്നു. കിഴക്കൻ ലഡാക്കിലെ സംഘർഷമേഖലകളിൽ നിന്ന് ഇരു രാജ്യങ്ങളിലെയും സൈന്യത്തെ പിൻവലിക്കാനും ധാരണയായിരുന്നു.