covid-19

മുംബയ്: ഇന്ത്യൻ നാവികസേനയുടെ പരിശീലന കേന്ദ്രമായ ഐ.എൻ.എസ് ശിവജിയിലെ എട്ട് ട്രെയിനി കേഡറ്റുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ ബാച്ചിലെ 150 കേഡറ്റുകൾക്കും കൊവിഡ് പരിശോധന നടത്താൻ തീരുമാനിച്ചു. ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് അടുത്തിടെ ചില ട്രെയിനി കേഡറ്റുകൾ ഐ.എൻ.എസ് ശിവജിയിൽ എത്തിയിരുന്നു. ജൂണ്‍ 16ന് ഇതിൽ ഒരാൾക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ഇയാളുമായി അടുത്ത സമ്പർക്കമുണ്ടായ ഏഴ് പേർക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ഐ.എൻ.എസ് ശിവജിയിലേക്ക് പുതിയ ആളുകളെ പ്രവേശിപ്പിക്കുമ്പോൾ ആരോഗ്യസേതു ആപ്പ് പരിശോധിക്കുമെന്നും പുതിയതായി എത്തുന്നവർ 14 ദിവസത്തേക്ക് ക്വാറന്റീനിൽ പോകുന്നത് നിർബന്ധമാക്കിയതായും അധികൃതർ അറിയിച്ചു.കൊവിഡ് സ്ഥിരീകരിച്ച എല്ലാവരേയും പൂനെയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഐ.എൻ.എസ് ശിവജിയിൽ എട്ട് വ്യത്യസ്ത ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു.