congress

കോഴിക്കോട്: മുഖ്യമന്ത്രിയെ മുന്നിൽ വച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന രീതി കോൺഗ്രസിനില്ലെന്നും കൂട്ടായനേതൃത്വം തിരഞ്ഞെടുപ്പിനെ നയിക്കുമെന്നും കെ.മുരളീധരൻ എം.പി. പ്രതിപക്ഷനേതാവിന്റെയും കെ.പി.സി.സി അദ്ധ്യക്ഷന്റെയും നേതൃത്വത്തിലാകും തിരഞ്ഞെടുപ്പിനെ നേരിടുക. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ അഭിപ്രായത്തിന്റെ കൂടി അടിസ്ഥാനത്തിലാകും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയെന്നും മുരളീധരൻ പറഞ്ഞു.

കരുണാകരന്റെയും ആന്റണിയുടെയും കാലത്തും ഇതു തന്നെയായിരുന്നു രീതി. കൂട്ടായ നേതൃത്വമാകും തിരഞ്ഞെടുപ്പ് നയിക്കുക. ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പല്ല പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് പ്രധാനമെന്നും മുരളീധരൻ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ആരു നയിക്കുമെന്നതിലും നേതൃത്വ പ്രശ്നങ്ങളിലും ഇന്നലെ വിവിധ നേതാക്കൾ പ്രതികരിച്ചിരുന്നു. കെ.സി വേണുഗോപാൽ, ഉമ്മൻചാണ്ടി, ബെന്നി ബഹന്നാൻ എന്നിവരുടെ പ്രതികരണങ്ങൾക്ക് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി കെ.മുരളീധരനും രംഗത്തെത്തിയിരിക്കുന്നത്.