തിരുവനന്തപുരം: സി.പി.എം നോമിനിയായ മനോജ് കുമാറിനെ ബാലാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ജില്ലാ ജഡ്‌ജിമാരെ മറികടന്നാണ് സർക്കാർ നിയമനം. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. നിയമനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ മന്ത്രിസഭായോഗം തള്ളി.
സ്‌കൂൾ പി.ടി.എയിൽ പ്രവര്‍ത്തിച്ചു, വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തിട്ടുണ്ട് തുടങ്ങിയ യോഗ്യതകളാണ് സി.പി.എം നോമിനിയും തലശേരിയിൽ അഭിഭാഷകനുമായ കെ.വി മനോജ് കുമാറിനെ നിയമിക്കുന്നതിന് അംഗീകരിച്ചിരിക്കുന്നത്. രണ്ട് ജില്ലാ ജഡ്ജിമാർക്കൊപ്പം തന്നെ ചൈൽഡ് ലൈനിൽ വർഷങ്ങളോളം പ്രവർത്തിച്ച ഒരു ഡസനിലേറെ പ്രവർത്തകരേയും തഴഞ്ഞാണ് സി.പി.എം പ്രവർത്തകന് നിയമനം നൽകിയിരിക്കുന്നത്.
പോക്‌സോ കേസുകളിൽ ശ്രദ്ധേയ വിധിപ്രസ്താവം നടത്തിയിട്ടുള്ള കാസർകോട് ജില്ലാ ജഡ്ജി എസ്.എച്ച് പഞ്ചാപകേശൻ, തലശേരി ജില്ലാ ജഡ്ജി ടി. ഇന്ദിര എന്നിവർ അഭിമുഖത്തിൽ മനോജ്കുമാറിന് പിന്നിലായി. മൂന്നു വർഷം ചീഫ് സെക്രട്ടറി റാങ്കിൽ ശമ്പളം ലഭിക്കുന്ന അർദ്ധ ജുഡീഷ്യൽ അധികാരങ്ങളുള്ള സുപ്രധാന പദവിയാണിത്. മെയ് മാസം 25,26 തീയതികളിലാണ് അഭിമുഖ പരീക്ഷ നടത്തിയത്. വിജിലൻസ് പരിശോധനയും കൂടി പൂർത്തിയാക്കിയാണ് നിയമനം. ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഉൾപ്പെട്ട ബോർഡ് ആണ് അഭിമുഖം നടത്തിയത്.