തിരുവനന്തപുരം:കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനെക്കാൾ സുരക്ഷിതമാണ് പി.പി.ഇ കിറ്റെന്നും, ഗൾഫിൽ പരിശോധനാസൗകര്യമൊരുക്കുക അസാദ്ധ്യമാണെന്നും തിരിച്ചറിഞ്ഞാണ് ചാർട്ടർ വിമാനയാത്രക്കാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റിൽ നിന്ന് സർക്കാർ പിന്നോട്ടു പോയത്. ഗൾഫിലെ ആറ് രാജ്യങ്ങൾ കേരളം നിർദ്ദേശിച്ച ദ്രുതപരിശോധന അംഗീകരിച്ചില്ല. യു.എ.ഇ,ഖത്തർ ഒഴികെയുള്ള രാജ്യങ്ങളിൽ നിന്ന് പ്രവാസികളുടെ യാത്ര മുടങ്ങുമെന്ന സ്ഥിതിയുമായതോടെ, സർക്കാർ തലയൂരി.
നാലരമണിക്കൂർ വരെയുള്ള വിമാനയാത്രയിൽ രോഗവ്യാപനം തടയാൻ ഏറെ ഫലപ്രദമാണ് പി.പി.ഇ കിറ്റ്. യു.എ.ഇയിൽ 35 മുതൽ 50 ദിർഹം(700-1000രൂപ) നൽകിയാൽ കിറ്റ് ലഭിക്കും. വിമാനത്താവളങ്ങളിൽ വെൻഡിംഗ് മെഷീനുകളിലൂടെയും. ദുബായ് വിമാനത്താവളത്തിൽ ആറ് ദിർഹത്തിന് ഗ്ലൗസുകളും മുഖാവരണവുമടങ്ങിയ കിറ്റ് ലഭിക്കും. സൗദിയിലും ഈ സൗകര്യമുണ്ട്. മിക്ക ചാർട്ടർ വിമാനങ്ങളിലും കിറ്റ് ടിക്കറ്റിനൊപ്പം നൽകുന്നുണ്ട്. ഷാർജയിൽ നിന്നുള്ള എയർഅറേബ്യ 162യാത്രക്കാരെ കിറ്റ് ധരിപ്പിച്ചാണ് ഇന്നലെ നാട്ടിലെത്തിച്ചത്. എയർഇന്ത്യ യാത്രക്കാർക്കായി ആറ് ലക്ഷം കിറ്റുകൾ വാങ്ങുന്നു. എമിറേറ്റ്സ് യാത്രക്കാർക്കെല്ലാം കിറ്റ് സൗജന്യമാണ്.
ഗൾഫിലെ സർക്കാർ ആശുപത്രികൾ രോഗലക്ഷണങ്ങളില്ലാത്തവരെ പരിശോധിക്കില്ല. പി.പി.ഇ കിറ്റ് മതിയെന്ന് തീരുമാനിച്ചതോടെ, കേരളം അനുമതി നൽകിയ 829 ചാർട്ടർ വിമാനങ്ങൾക്ക് നാട്ടിലേക്ക് പറക്കാനുള്ള തടസമില്ലാതാവും.
തിരിച്ചറിവുകൾ
*യാത്രയ്ക്ക് 48 മണിക്കൂർ മുൻപുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റിൽ കാര്യമില്ല. പരിശോധനയ്ക്ക് ശേഷമോ യാത്രയ്ക്കിടയിലോ രോഗം ബാധിക്കാം.
*ട്രൂനാറ്റ് പരിശോധനയിൽ നെഗറ്റീവായ സാമ്പിൾ ഗൾഫിലെ പി.സി.ആർടെസ്റ്റിൽ പോസിറ്റീവായി.
*കേന്ദ്രത്തിന്റെയും ഗൾഫ് രാജ്യങ്ങളുടെയും അനുമതിയില്ലാതെ സർക്കാരിന് പരിശോധനാകിറ്റുകൾ ഗൾഫിലേക്ക് അയയ്ക്കാനാവില്ല.
*രോഗബാധിതർക്ക് മാത്രമായി പ്രത്യേക വിമാനവും നടപ്പില്ല.
വെല്ലുവിളികൾ
*ഒരു വിമാനത്തിൽ ഇരുനൂറോളം പേർ. എണ്ണൂറോളം വിമാനങ്ങൾ ഉടനെത്തും. ഇത്രയും പി.പി.ഇ കിറ്റുകൾ സുരക്ഷിതമായി സംസ്കരിക്കണം
*പി.പി.ഇ കിറ്റ് ധരിച്ച് രോഗബാധിതരും നാട്ടിലെത്താം. രോഗിയാണെന്ന് സ്വയംവെളിപ്പെടുത്താതിരുന്നാൽ പ്രതിസന്ധിയാവും
*വിമാനത്തിലെത്തുന്നവരെയെല്ലാം പരിശോധിക്കണം.
'തിരിച്ചുവരുന്നവരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല. യാത്രയ്ക്കിടെ രോഗപ്പകർച്ച ഉണ്ടാവരുത്'.
- മുഖ്യമന്ത്രി