കൊച്ചി: മലയാളികളുടെ മാറിയ ആരോഗ്യപരിപാലന ശീലത്താൽ സെെക്കിൾ വിപണി കുതിച്ചോടുന്നു. ലോക്ക് ഡൗണിന് ശേഷം 80 ശതമാനത്തോളം വർദ്ധനവാണ് സൈക്കിൾ വില്പനയിൽ ഉണ്ടായത്. വെെറസ് വ്യാപന ഭീതിയിൽ പൂട്ടു വീണ ജിംനേഷ്യങ്ങൾ പ്രവർത്തനം പുനരാംഭിക്കാത്തതാണ് ഫിറ്റനസ് പ്രേമികളെ സൈക്കിൾ എന്ന ബദൽ മാർഗം സ്വീകരിക്കാൻ പ്രേരിപ്പിച്ചത്.

സെെക്കിളിംഗ് ട്രെൻഡ്

താങ്ങാൻ പറ്റുന്ന വിലയും മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് കുറവായതുമാണ് സെെക്കിളിംഗ് കൂടുതൽ ശ്രദ്ധയാകർഷിച്ചത്. ലോക്ക് ഡൗൺ കാലത്ത് ആളുകൾ കടുത്ത മാനസികസമ്മർദ്ദമാണ് നേരിടുന്നത്. മാനസികപിരിമുറുക്കം കുറയ്ക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും സെെക്കിളിംഗ് വളരെ നല്ലതാണെന്ന് ആരോഗ്യവിദഗ്ദ്ധരും അവകാശപ്പെടുന്നു.
കൊവിഡ് ഭീതിയിൽ പൊതുഗതാഗതം ഉപയോഗിക്കാൻ മടിക്കുന്നവരും സെെക്കിൾ യാത്രയിലേക്ക് തിരിഞ്ഞു. പെട്രോൾ വില ദിനംപ്രതി വർദ്ധിക്കുന്നതും സെെക്കിൾ വില്പന വർദ്ധിക്കാൻ കാരണമായി.

ആവശ്യങ്ങൾ പലത്

കടയിൽ പോയി ഏതെങ്കിലുമൊരു സെെക്കിൾ വാങ്ങുന്ന രീതിയല്ല ഇപ്പോൾ. വിശദമായി പഠിച്ച് ആവശ്യാനുസരണമാണ് മോഡൽ തിരഞ്ഞെടുക്കുന്നത്. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ഇവരിലുണ്ട്. 20,​000 മുതൽ 40,​000 വരെ വിലയുള്ള സെെക്കിളുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. മെറിഡ എന്ന തായ്‌വാൻ കമ്പനിയുടെ സെെക്കിളാണ് കൂടുതൽ വിറ്റഴിക്കുന്നത്.

'സുരക്ഷയേറിയ യാത്രമാർഗവും വ്യായാമവും ഒരുപോലെ ഉറപ്പുനൽകുന്നതിനാലാണ് സെെക്കിൾ ആവശ്യക്കാരുടെ എണ്ണം കൂടുന്നത്. ലോക്ക് ഡൗണിൽ ഒഴിവുസമയം ലഭിക്കുന്നതിനാൽ മിക്കവരും സെെക്കിളിംഗ് തിരഞ്ഞെടുക്കുന്നു.'

എൻ. മനോജ് കുമാർ

സെെക്കിൾ വ്യാപാരി

'ലോക്ക്ഡൗൺ ജനങ്ങൾക്ക് പുതിയ അനുഭവമാണ്. നിരവധിപേരാണ് മാനസികസമ്മർദ്ദം നേരിടുന്നത്. ജിംനേഷ്യങ്ങൾ തുറക്കാത്തതും തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് മലയാളികൾ സെെക്കിളിംഗിലേക്ക് ചുവടുമാറിയത്. നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചാലും രീതി തുടരുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും.'

രാഹുൽ പി.എച്ച്

സെെക്കിളിസ്റ്റ്

'ലോക്ക് ഡൗൺ കാലത്തെ പ്രധാന വ്യായാമമുറ സൈക്കിൾ ചവിട്ടലായിരുന്നു. വീട്ടുമു​റ്റത്തും പരിസരത്തും ഒന്നര മണിക്കൂർ വരെ സൈക്കിൾ ചവിട്ടി. സ്‌പോർട്‌സ് സൈക്കിളാണ് ഉപയോഗിക്കുന്നത്.'

ടോം കീപ്പാറ

വ്യവസായി

കൂത്താട്ടുകുളം