ന്യൂഡൽഹി: സൈനിക പിന്മാറ്റത്തിന് ഇരുവിഭാഗവും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ടെങ്കിലും ചൈനീസ് പ്രകോപനം മുന്നിൽ കണ്ട് ചെെനീസ് അതിർത്തിയിൽ കൂടുതൽ ടാങ്കുകൾ വിന്യസിച്ച് ഇന്ത്യ. വ്യോമസേനയുടെ പോർവിമാനങ്ങളിലാണ് ടാങ്കുകളും കവചിത വാഹനങ്ങളും ലഡാക്ക് അതിർത്തിയിലെത്തിച്ചത്.
സമുദ്രനിരപ്പിൽ നിന്ന് ഇത്രയേറെ ഉയര്‍ന്ന പ്രദേശങ്ങളിൽ ടാങ്കുകൾ അതിസങ്കീർണമായാണ് ഇന്ത്യ വിന്യസിക്കുന്നത്. അമേരിക്കൻ നിർമിത സി-17, റഷ്യൻ നിർമിത ഐ.എൽ 76 എസ് എന്നീ വമ്പൻ വിമാനങ്ങളിലാണ് ടാങ്കുകൾ അതിർത്തിയിലേക്ക് എത്തിക്കുന്നത്. ചണ്ഡിഗഡ് ഉൾപ്പെടെയുള്ള സൈനിക താവങ്ങളിൽ നിന്നാണ് ടി-90 ടാങ്കുകളും കവചിതവാഹനങ്ങളും ലഡാക്ക് അതിർത്തിയിലേക്ക് മാറ്റിയത്.
നിലവിൽ ലഡാക്കിലുള്ള ടാങ്കുകൾ പല തവണയായി വിമാനങ്ങളിൽ എത്തിച്ചതാണ്. 1990ൽ ടി-72 ടാങ്കുകളാണ് ഇന്ത്യൻ വ്യോമസേന ഐ.എൽ-76 വിമാനത്തിൽ ലേയിൽ എത്തിച്ചത്. ടെപ്‌സാംഗിൽ ചൈന ടാങ്കുകളും മറ്റും വിന്യസിക്കുന്നുവെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.1962നുശേഷം ഇതാദ്യമായാണ് ടാങ്കുകളും കവചിത വാഹനങ്ങളും അടിയന്തരമായി വിമാനങ്ങളിൽ ലഡാക്ക് അതിർത്തിയിൽ എത്തിക്കുന്നതെന്ന് സൈനികവൃത്തങ്ങൾ വ്യക്തമാക്കി.