ന്യൂഡൽഹി: ജൂലായ് ആറിനകം ഡൽഹിയിലെ എല്ലാ വീടുകളിലും കൊവിഡ് പരിശോധന നടത്താൻ സർക്കാർ തലത്തിൽ ആലോചന നടക്കുന്നതായി വിവരം. സർക്കാരിന്റെ പുതിയ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ട എല്ലാ വീടുകളിലും ജൂൺ 30നകം പരിശോധന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ജൂലായ് ആറിനകം കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിലെ വീടുകൾ കയറിയുള്ള പരിശോധന പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരിശോധന വ്യാപകമാക്കാൻ കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ആലോചന നടക്കുന്നത്. സംസ്ഥാനത്തെ കൊവിഡ് വ്യാപനതോത് തിരിച്ചറിയാൻ ജൂൺ 27 മുതൽ സീറോ സർവ്വേ ആരംഭിക്കാൻ തീരുമാനമായിട്ടുണ്ട്. എൻ.സി.ഡി.സിയുമായി ചേർന്ന് നടത്തുന്ന സർവ്വേയുടെ ഫലം ജൂലായ് പത്തോടെ ലഭിക്കുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു.
രാജ്യതലസ്ഥാനത്ത് ഇതുവരെ 66,602 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2301 മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം 3947 പേർക്ക് രോഗം പിടിപെട്ടിരുന്നു. ഒരു ദിവസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കൊവിഡ് കണാക്കായിരുന്നു ഇത്. നിലവിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്ക് പിന്നിൽ രണ്ടാമതാണ് ഡൽഹി.