rahul-gandhi

ന്യൂഡൽഹി: മോദി സർക്കാർ കൊവിഡും പെട്രോൾ- ഡീസൽ വിലവർദ്ധനയും അൺലോക്ക് ചെയ്തിരിക്കുകയാണെന്ന പരിഹാസവുമായി രാഹുൽഗാന്ധി. ഇന്ന് രാജ്യത്തെ കൊവിഡ് കേസുകൾ 4.56 ലക്ഷം കടന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഇന്ധന വിലയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ രാഹുൽഗാന്ധിയുടെ വിമർശനം.

मोदी सरकार ने कोरोना महामारी और पेट्रोल-डीज़ल की क़ीमतें “अन्लॉक” कर दी हैं। pic.twitter.com/ty4aeZVTxq

— Rahul Gandhi (@RahulGandhi) June 24, 2020

നേരത്തെ കോൺഗ്രസിനും ഗാന്ധി കുടുംബത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദ രംഗത്തെത്തിയിരുന്നു. തിരസ്‌കരിക്കപ്പെട്ട് പുറത്താക്കപ്പെട്ട ഒരു കുടുംബവാഴ്ച ഒരിക്കലും മുഴുവൻ പ്രതിപക്ഷത്തിനും തുല്യമല്ലെന്നായിരുന്നു നദ്ദ ട്വീറ്റ് ചെയ്തത്. ഒരു ഭരണത്തിന്റെ അബദ്ധം മൂലം നമുക്ക് നഷ്ടപ്പെട്ടത് ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്ററോളം വരുന്ന നമ്മുടെ ഭൂമിയാണ്. ഇന്ത്യ അവരെ തിരസ്‌കരിച്ചതിൽ അത്ഭുതപ്പെടാനില്ല. ഒരു കുടുംബത്തിന്റെ താത്പര്യം ഇന്ത്യയുടെ താത്പര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

''ചോദ്യങ്ങൾ ചോദിക്കുക എന്നുള്ളത് പ്രതിപക്ഷത്തിന്റെ അവകാശമാണ്. സർവകക്ഷി യോഗത്തിൽ ആരോഗ്യകരമായ ഒരു ചർച്ചയാണ് നടന്നത്. നിരവധി പ്രതിപക്ഷ നേതാക്കൾ തങ്ങളുടെ വിലയേറിയ നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. അവർ കേന്ദ്രത്തെ പിന്തുണയ്ക്കുകയും ചെയ്തു. ഒരു കുടുംബം മാത്രം അതിൽ നിന്ന് വിട്ടുനിന്നു. അതാരാണെന്ന് ഊഹിക്കാമോ? ഒരു കുടുംബവും അവരുടെ സേവകരും തങ്ങളാണ് പ്രതിപക്ഷം എന്ന വലിയൊരു തെറ്റിദ്ധാരണയിലാണ്‌. അവരുടെ നേതാവ് അനാവശ്യമായി രോഷം കൊള്ളുകയും, അയാളുടെ സേവകർ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും പുതിയത് അവർ കേന്ദ്രത്തോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുകയാണ്.'' എന്നുമായിരുന്നു നദ്ദ ട്വീറ്റ് ചെയ്തത്.