ramesh-chennithala

തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികൾക്ക് പി.പി.ഇ കിറ്റ് മതി എന്ന തീരുമാനം സംസ്ഥാന സർക്കാറിന്റെ മുഖം രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്തിന്റെ ശക്തമായ സമരവും, പ്രവാസി ലോകത്തിന്റെ രോഷവും കണക്കിലെടുത്താണ് സർക്കാർ നോൺകൊവിഡ് സർട്ടിഫിക്കറ്റുപോലെയുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയതെന്നും, അത് സമ്മതിക്കാനുള്ള ജാള്യത കൊണ്ടാണ് പി.പി.ഇ കിറ്റിന്റെ കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനമെടുക്കുമ്പോൾ സ്വീകരിക്കേണ്ട മര്യാദ പ്രവാസികളുടെ കാര്യത്തിൽ സർക്കാരിൽ നിന്ന് ഉണ്ടായിരുന്നില്ല. ഗൾഫിൽ 300 മലയാളികളാണ് മരിച്ചത്. നേരത്തെ ആലോചിച്ച് അതിനനുസരിച്ച് കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ ഇത്രയും പേർ മരിക്കില്ലായിരുന്നു.തുടക്കം മുതൽ പ്രവാസികൾ വരരുത് എന്ന മനോഭാവത്തോടെയാണ് സർക്കാർ പ്രവർത്തിച്ചത്. വന്ദേഭാരത് മിഷനിലെ വിമാനങ്ങൾ പോലും കൃത്യമായി ഓപ്പറേറ്റ് ചെയ്യാനുള്ള ഒരു നടപടിയും സർക്കാർ എടുത്തില്ല.


ഓരോ സമയത്തും സർക്കാർ നിബന്ധനകൾ മാറ്റി പറഞ്ഞത് ബോധപൂർവ്വമായിരുന്നു. ഓരോ രാജ്യത്തും വ്യത്യസ്ത നിയമമാണെന്നും, അതാത് രാജ്യത്തെ നിയമങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതൊന്നും ചെവിക്കൊള്ളാതെയാണ് സർക്കാർ നോൺ കോവിഡ് സർട്ടിഫിക്കറ്റ്, ട്രൂനാറ്റ് പരിശോധന സംവിധാനം, പ്രത്യേക വിമാനം എന്നിങ്ങനെയുള്ള നിബന്ധനകൾ മുന്നോട്ട് വച്ചത്- ചെന്നിത്തല പറഞ്ഞു. സർക്കാർ തീരുമാനം പ്രായോഗികമല്ലെന്ന് നേരത്തേ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പറഞ്ഞിരുന്നു.