കൊച്ചി: അങ്കമാലിയിൽ അച്ഛൻ കൊല്ലാൻ ശ്രമിച്ച രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് ഇട്ടിരുന്ന ഡ്രെയ്ൻ മാറ്റി. കുഞ്ഞിന് നൽകുന്ന ഓക്സിജന്റെ അളവ് കുറച്ചുകൊണ്ട് വരികയാണെന്നും കോലഞ്ചേരി മെഡിക്കൽ കോളേജ് പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
കുഞ്ഞ് ഇന്നലെ കരയുന്നുണ്ടായിരുന്നുവെന്നും, ചെറുതായി കൈകാലുകൾ ഇളക്കുകയും ചെയ്തതായി ഡോക്ടർമാർ അറിയിച്ചിരുന്നു. അമ്മയുടെ മുലപ്പാൽ കുഞ്ഞ് താനേ കുടിച്ചു. ഇതെല്ലാം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു എന്നതിന്റെ ലക്ഷണങ്ങളാണ്.
കുട്ടി ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിൽത്തന്നെ ചികിത്സയിലാണ്. തലയിൽ കട്ടപിടിച്ച രക്തം തിങ്കളാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞ് കൈകാലുകൾ അനക്കാനും തനിയെ മുലപ്പാൽ കുടിയ്ക്കാനും തുടങ്ങിയത്.
54 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ കാലിൽ പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിയുകയായിരുന്നു. ബോധം നഷ്ടമായ നിലിയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. അച്ഛൻ ഷൈജു തോമസ് റിമാൻഡിലാണ്. കരച്ചിൽ നിർത്തുന്നില്ലെന്ന് പറഞ്ഞാണ് ഇയാൾ സ്വന്തം കുഞ്ഞിനെ ക്രൂരമായി ആക്രമിച്ചത്. കുഞ്ഞിന്റെ അമ്മ മലയാളിയല്ല. കുട്ടി തന്റേതല്ലെന്ന് സംശയമുണ്ടെന്ന് പറഞ്ഞ് സ്ഥിരമായി മർദ്ദിക്കാറുണ്ടെന്നും കുഞ്ഞിന്റെ അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.