editorial-

അതിർത്തി സംഘർഷത്തിന് അയവു വരുത്താൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയിലെത്തിയെന്ന വാർത്ത അങ്ങേയറ്റം ആശ്വാസകരമാണ്. യുദ്ധ സമാനമായ സാഹചര്യം നിലനിന്ന ലഡാക്ക് ഉടനടിയൊന്നും പഴയ നിലയിലേക്കു മാറാനിടയില്ലെങ്കിലും ഒരു ഏറ്റുമുട്ടൽ ഒഴിവായതു ഏറ്റവും വലിയ കാര്യം തന്നെയാണ്. ആയുധപ്പുരകളിൽ ആണവായുധങ്ങൾക്കു പഞ്ഞമില്ലാത്ത രണ്ടു രാജ്യങ്ങൾ തമ്മിലുണ്ടാകുന്ന ഏത് ഏറ്റുമുട്ടലും അത്യധികം ഭീകരമായ പ്രത്യാഘാതങ്ങളിലേക്കാകും ചെന്നെത്തുക. അതുകൊണ്ടാണ് അത്തരമൊരു സ്ഥിതിയിലേക്ക് സംഘർഷം വളരാതിരിക്കാൻ സാദ്ധ്യമായ എല്ലാ വഴികളും നോക്കുന്നത്. ഉന്നത സൈനിക തലത്തിൽ നടന്ന പന്ത്രണ്ടു മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് നാല് സംഘർഷമേഖലകളിൽ നിന്ന് ഇരുഭാഗക്കാരും സേനകളെ പിൻവലിക്കാൻ ധാരണയായിരിക്കുന്നത്. ഇതുപോലുള്ള ധാരണ ഈ മാസം ആറാം തീയതിയും ഉണ്ടായതാണ്.

എന്നാൽ ചൈന ധാരണ ലംഘിച്ചുവെന്നു മാത്രമല്ല പതിനഞ്ചിന് വലിയ തോതിലുള്ള രക്തച്ചൊരിച്ചിലുമുണ്ടാക്കി. ഇരുഭാഗത്തും ആൾനാശവുമുണ്ടായി. ചൈനയെ അപ്പാടെ വിശ്വസിക്കാനാവില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ച സംഭവമാണിത്. തർക്കം കൂടിയാലോചന വഴി പരിഹരിക്കണമെന്ന നിലപാട് എക്കാലവും വച്ചുപുലർത്തുന്ന ഇന്ത്യ ഇപ്പോഴുണ്ടായ ധാരണ നിലനിറുത്താൻ പരമാവധി ശ്രമിക്കുമെന്നതിൽ തർക്കമില്ല. ചൈനയുടെ പ്രതികരണം പ്രവൃത്തിയിലൂടെ പൂർണമായും അറിയാനിരിക്കുന്നതേയുള്ളൂ. സേനയെ പിൻവലിക്കാനുള്ള തീരുമാനത്തിന് അവർ വഴങ്ങുമോ എന്നറിഞ്ഞ ശേഷമേ ഇന്ത്യ സേനയെ പിൻവലിക്കൂ എന്ന നിലപാടെടുത്തതായാണു സൂചന. പഴയ ദുരനുഭവമുള്ളതുകൊണ്ടാണിത്. ഇനിയുള്ള ദിവസങ്ങളിലും ഇരു രാജ്യങ്ങളുടെയും ഉന്നത സേനാ ഓഫീസർ തലത്തിൽ ചർച്ചകൾ തുടരാൻ തീരുമാനമായിട്ടുണ്ട്. സംഘർഷം ലഘൂകരിക്കാനും പുതിയ ഏറ്റുമുട്ടലുകൾ ഒഴിവാക്കാനും ഈ ചർച്ച സഹായിക്കുമെന്നു പ്രത്യാശിക്കാം. ഏതായാലും അതിർത്തിയിലെ മുട്ടാളത്തം ഇന്ത്യ അംഗീകരിക്കാൻ പോകുന്നില്ലെന്ന് സംശയാതീതമായി വ്യക്തമാക്കിക്കഴിഞ്ഞു. അതിർത്തിയിലെ നിലപാടു മാറ്റത്തിന് ചൈനയെ നിർബന്ധിതമാക്കിയ കാരണങ്ങളിലൊന്ന് ഇന്ത്യയുടെ ഉറച്ച നിലപാടു തന്നെയാകണം. അതിർത്തി സംഘർഷത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ സർക്കാരും പ്രതിപക്ഷത്തുനിന്ന് ഏറെ പഴിയും അധിക്ഷേപവും കേൾക്കേണ്ടിവന്നു. കേന്ദ്രം ഇതുവരെ കൈക്കൊണ്ട നടപടികളെ സാധൂകരിക്കുന്നതാണ് അതിർത്തി പ്രശ്നത്തിൽ ഇപ്പോഴുണ്ടായിരിക്കുന്ന ധാരണ.

അതിർത്തി സംഘർഷത്തിന് താത്‌കാലികമായെങ്കിലും പരിഹാരമായിട്ടുണ്ടെങ്കിലും ചൈനീസ് വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ സ്വാശ്രയത്വ മുദ്രാവാക്യം പതിന്മടങ്ങു മുറുകെപ്പിടിക്കേണ്ടതിന്റെ അത്യാവശ്യകത രാജ്യത്തെയും ജനങ്ങളെയും കൂടുതൽ ബോദ്ധ്യപ്പെടുത്തുന്ന സാഹചര്യമാണു ഉണ്ടായിരിക്കുന്നത്.

ലഡാക്കിൽ കമാൻഡർ ഉൾപ്പെടെ ഇരുപതു ഇന്ത്യൻ സേനാംഗങ്ങളെ പൈശാചികമായി ചൈനീസ് ഭടന്മാർ കൂട്ടക്കുരുതി ചെയ്ത സംഭവത്തിൽ രാജ്യത്തുടനീളം ചൈനീസ് ഉത്‌പന്നങ്ങൾക്കെതിരെ ജനവികാരം രൂപപ്പെട്ടുതുടങ്ങിയതാണ്. ചൈനീസ് കമ്പനികളുമായുള്ള കരാറിൽ നിന്ന് റെയിൽവേ, ബി.എസ്.എൻ.എൽ തുടങ്ങിയ സ്ഥാപനങ്ങൾ പിന്മാറിയത് വലിയ വാർത്തയാകുകയും ചെയ്തു. മഹാരാഷ്ട്ര ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഇതുപോലുള്ള പ്രതിഷേധ നീക്കങ്ങളുണ്ടായി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനയുമായുള്ള വ്യാപാര - വാണിജ്യ ഇടപാടുകളിലും പൊടുന്നനെ വന്ന കുറവ് രാജ്യത്തെ ഇലക്ട്രോണിക് ഉത‌്‌പന്ന വിപണിയെ ഗണ്യമായി ബാധിക്കുകയും ചെയ്തു. ഇന്ത്യയിലെ ഇലക്ട്രോണിക് വിപണിയുടെ ഭൂരിഭാഗവും ചൈന അടക്കിപ്പിടിച്ചിരിക്കുകയാണ്. ഒരു ലക്ഷം കോടിയിൽപ്പരം രൂപയുടെ ചൈനീസ് ഉത്‌പന്നങ്ങളാണ് ഇവിടെ വിറ്റഴിയുന്നത്. കമ്പ്യൂട്ടർ, മൊബൈൽ, ടെലിവിഷൻ, ഗൃഹോപകരണങ്ങൾ മുതൽ കളിപ്പാട്ടങ്ങളിൽ വരെ ചൈനീസ് കടന്നുകയറ്റം കാണാം. ഉപകരണ ഘടകങ്ങളുടെ വരവ് പൊടുന്നനെ നിലച്ചത് ഇവിടത്തെ ഇലക്ട്രോണിക് മേഖലയെ ഗുരുതരമായി ബാധിച്ചതായാണ് റിപ്പോർട്ട്. മേക്ക് ഇൻ ഇന്ത്യയെക്കുറിച്ചും സ്വാശ്രയത്വത്തെക്കുറിച്ചുമൊക്കെ വലിയ വർത്തമാനം പറയുന്നതല്ലാതെ ഈ വക സംഗതികളിൽ സ്വന്തം കാലിൽ നിൽക്കാനുള്ള വഴി ഇനിയും തുറന്നുകിട്ടിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഇപ്പോഴത്തെ അതിർത്തി സംഘർഷം ഈ വക ചിന്തകളിലേക്കു പുതിയൊരു വെളിച്ചം പകർന്നിട്ടുണ്ട്.

പണവും വൈദഗ്ദ്ധ്യവും എന്തിനും പോന്ന തൊഴിൽ സേനയുമുണ്ടായിട്ടും ഈ രംഗത്ത് വലിയ തോതിലുള്ള ഒരു വിപ്ളവം സൃഷ്ടിക്കാൻ കഴിയാത്തതിന് കാരണങ്ങൾ പലതുണ്ടാകാം. വിചാരിച്ചാൽ നമുക്കും അതിനു കഴിയുമെന്നതിനാൽ സംശയം വേണ്ട. ഇലക്ട്രോണിക് രംഗത്ത് വർദ്ധിച്ച തോതിൽ നിക്ഷേപങ്ങൾ ഉണ്ടാകണം. അടുത്ത കാലത്ത് കേന്ദ്രം ഇലക്ട്രോണിക് മേഖലയുടെ വികസനത്തിനായി അൻപതിനായിരം കോടി രൂപയുടെ പാക്കേജുമായി വന്നിരുന്നു. അതുപോലെ സംസ്ഥാനങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്. കൊവിഡ് മഹാമാരിയെത്തുടർന്ന് വിദേശത്തു നിന്നു മടങ്ങാൻ നിർബന്ധിതരായവരുടെ കൂട്ടത്തിൽ ഇലക്ട്രോണിക് മേഖലയിൽ പരിചയസമ്പത്തുള്ള വിദഗ്ദ്ധന്മാരും തൊഴിലാളികളും ധാരാളമുണ്ടാകും. കുടിൽ വ്യവസായം പോലെ ചൈനയിൽ ഇലക്ട്രോണിക്സ് വ്യവസായം തഴച്ചുവരുമെങ്കിൽ ഇവിടെയും അതു സാദ്ധ്യമാകും. അതിനു പാകമായ അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും രൂപപ്പെടുത്തിയാൽ മതി. ചൈനീസ് ഉത്‌പന്നങ്ങൾക്കായി ആണ്ടുതോറും ഭാരിച്ച തുകയാണു ചെലവഴിക്കേണ്ടിവരുന്നത്. ഓരോ വർഷവും ഈയിനത്തിൽ ഇരുപത്തഞ്ചു ശതമാനം എന്ന തോതിലാണ് വർദ്ധന. 'ആത്മനിർഭർ ഭാരത്" എന്ന പുതിയ മുദ്രാവാക്യം സഫലമാക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിപ്പോൾ. ചൈനയോടുള്ള അതിരുവിട്ട പരാശ്രിതത്വം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ കുരുക്കിലാകും രാജ്യം ചെന്നെത്തുക.