ഡൽഹി കേന്ദ്രീകരിച്ചുള്ള സംഘമെന്ന് സൈബർ വിഭാഗം തട്ടിയത് രണ്ടുകോടിയോളം രൂപ
തിരുവനന്തപുരം: കൊവിഡിന്റെ മറവിൽ ജില്ലയിൽ ഓൺലൈൻ പണം തട്ടിപ്പ് സംഘങ്ങൾ സജീവം. കഴിഞ്ഞ ദിവസം മാത്രം നാല് സ്ത്രീകളിൽ നിന്നായി രണ്ടുകോടിയോളം രൂപയാണ് ഇവർ തട്ടിയത്. തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയിൽ നിന്ന് 1.27 കോടി, നെയ്യാറ്റിൻകര സ്വദേശിനി, സുഹൃത്ത് പൂജപ്പുര സ്വദേശിനി എന്നിവരുടെ 15 ലക്ഷം വീതവും കഴക്കൂട്ടം സ്വദേശിനിയുടെ രണ്ടുലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. സമൂഹ മാദ്ധ്യമങ്ങൾ വഴി പരിചയപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. ലണ്ടനിൽ സ്ഥിരതാമസമാക്കിയ ആളെന്നു പരിചയപ്പെടുത്തിയാണ് തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയുമായി അടുത്ത സൗഹൃദം സ്ഥാപിച്ചത്. ലണ്ടനിലുള്ള വീട് അനധികൃതമായി പൊളിച്ചതിനു കോടതി നൽകിയ നഷ്ടപരിഹാരമായ രണ്ടരലക്ഷം ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള ബാങ്ക് അക്കൗണ്ട് തുറക്കാനും ഫണ്ട് ട്രാൻസ്‌ഫർ ചെയ്യാനുമുള്ള സഹായം വീട്ടമ്മയോട് ആവശ്യപ്പെട്ടു. സഹായം ചെയ്‌താൽ നല്ലൊരു തുക തിരികെ നൽകാമെന്നും പറഞ്ഞു. വീട്ടമ്മയെ വിശ്വസിപ്പിക്കാൻ ഫോട്ടോകളും ബില്ലുകളും അയച്ചുകൊടുത്തു. ഇതിന് പിന്നാലെ വീട്ടമ്മയ്ക്ക് നൽകാമെന്ന് പറഞ്ഞ തുകയുടെ കസ്റ്റംസ് ക്ലിയറൻസ്, സർവീസ് ചാർജ്, ബാങ്ക് അക്കൗണ്ട് കോഡ്, ഫീസ് തുടങ്ങിയ ഇനങ്ങൾക്ക് തുക കൈമാറാനും ആവശ്യപ്പെട്ടു. ഇതിനായി വിവിധ അക്കൗണ്ടുകളിലേക്ക് പലപ്പോഴായി 1.27 കോടി രൂപ വീട്ടമ്മ നൽകുകയും ചെയ്‌തു. 18ന് നാട്ടിലെത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് വീട്ടമ്മ എയർപോർട്ടിലെത്തിയെങ്കിലും ആരും വന്നില്ല. നേരത്തെ നൽകിയിട്ടുള്ള ഫോൺ നമ്പരുകളിൽ വിളിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. തട്ടിപ്പ് മനസിലാക്കിയ വീട്ടമ്മ സൈബർ വിഭാഗത്തിന് പരാതി നൽകുകയായിരുന്നു. സമാനമായ സംഭവമാണ് നെയ്യാറ്റിൻകര സ്വദേശിനിക്കും സംഭവിച്ചത്. വിവാഹ മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ടാണ് സംഘം 15 ലക്ഷം രൂപ തട്ടിയെടുത്തത്. വ്യാജ മൊബൈൽ നമ്പരുകൾ, സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ, ഇ - മെയിലുകൾ എന്നിവ ഉപയോഗിച്ചാണ് വ്യാജ സന്ദേശങ്ങൾ അയയ്‌ക്കുന്നത്.
അന്വേഷണം ഡൽഹി കേന്ദ്രീകരിച്ച്
ഈ സംഭവങ്ങളുടെ ഉറവിടം ഡൽഹിയാണെന്നാണ് സൈബർ വിഭാഗം പറയുന്നത്. സൈബർ പൊലീസ് വിഭാഗം ഓഫീസർ സി.ശ്യാംലാലിനാണ് അന്വേഷണച്ചുമതല. തട്ടിപ്പിനിരയായവരുടെ ഇ മെയിൽ, ഫേസ്ബുക്ക് ഐ.ഡി ഡൽഹി കേന്ദ്രീകരിച്ചാണ്. കഴിഞ്ഞവർഷം സമാന രീതിയിലുള്ള കേസുകളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്ന് അന്വേഷണ സംഘം നീഗ്രോ വംശജരെയും ഡൽഹി സ്വദേശികളെയും പിടികൂടിയിരുന്നു. ഈ കേസുകൾക്ക് പിന്നിലും ഇവരുടെ സംഘമാണെന്നാണ് സൈബർ പൊലീസ് പറയുന്നത്. ഇത്തരം തട്ടിപ്പുകാർക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കുകയും സന്ദേശം ലഭിച്ചാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബർ പൊലീസിലോ ബാങ്കിലോ ബന്ധപ്പെടണമെന്നും സൈബർ പൊലീസ് അറിയിച്ചു.
പ്രതികരണം
ഐ.പി അഡ്രസ് അന്വേഷണം ഡൽഹി കേന്ദ്രീകരിച്ചാണ് നടക്കുന്നത്. കൊവിഡിനെ തുടർന്ന് ഡൽഹി ഹോട്ട്സ്‌പോട്ട് ആയതിനാൽ നേരിട്ട് അന്വേഷിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഡൽഹി പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
സി. ശ്യാംലാൽ, ഡിവൈ.എസ്.പി
സൈബർ പൊലീസ് വിഭാഗം
ഒരാഴ്ച രജിസ്റ്റർ ചെയ്‌തത് - 5 കേസുകൾ
ഈ വർഷം രജിസ്റ്റർ ചെയ്‌തത് 12 കേസുകൾ