shamna-kasim

കൊച്ചി:കൊച്ചിയിൽ നടി ഷംനാകാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്,കയ്പമംഗലം സ്വദേശി ശരത്, ചേറ്റുവ സ്വദേശി അഷറഫ് എന്നിവരാണ് പിടിയിലായത്. മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം വീടിന്റെയും പരിസരത്തിന്റെയും വീഡിയോ ദൃശ്യം പകർത്തി. തുടർന്ന് നടിയുമായി സൗഹൃദത്തിലാവാൻ ശ്രമിച്ചു.തുടർന്നായിരുന്നു പണം ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്നും ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. നടിയുടെ അമ്മയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. അറസ്റ്റിലായവരെ റിമാൻഡുചെയ്തു.


മാസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നതെങ്കിലും ഇന്നലെയാണ് നടിയുടെ അമ്മ പരാതി നൽകിയത്.ലോക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് പരാതി നൽകാൻ വൈകിയതെന്നാണ് അവർ പറയുന്നത്. കല്യാണാലോചനയുമായാണ് പ്രതികൾ നടിയെയും വീട്ടുകാരെയും സമീപിച്ചത്. കോഴിക്കോട് സ്വദേശികൾ എന്നാണ് ഇവർ വീട്ടുകാരോടും നടിയോടും പറഞ്ഞിരുന്നത്. എന്നാൽ പറഞ്ഞ കാര്യങ്ങളിൽ പന്തികേട് മണത്തതോടെ കൂടുതൽ അന്വേഷിച്ചു.അപ്പോഴാണ് തട്ടിപ്പ് മനസിലായത്. പിന്നീടാണ് ഒരു ലക്ഷം രൂപ തരണമെന്ന ആവശ്യവുമായി സംഘം എത്തിയതും ഭീഷണി മുഴക്കിയതും. പണം തന്നില്ലെങ്കിൽ ഫോട്ടാേ ദുരുപയോഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയവർ എല്ലാവരെയും അറസ്റ്റുചെയ്തിട്ടില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.