കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കേൾക്കുന്ന വനിതാ ജഡ്ജിയുടെ സ്ഥലംമാറ്റ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. കേസിലെ വിചാരണ പകുതിയായ ഘട്ടത്തിൽ ജഡ്ജിയായ ഹണി.എം.വർഗീസിനെ കോഴിക്കോട് പോക്‌സോ കോടതിയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവാണ് കോടതി മരവിപ്പിച്ചത്. പഴയ ഉത്തരവ് മരവിപ്പിച്ചതോടെ ഇനി നടിയെ അക്രമിച്ച കേസിന്റെ വിചാരണയ്ക്ക് ശേഷം മാത്രമായിരിക്കും ജഡ്ജിയുടെ സ്ഥലംമാറ്റം പ്രാബല്യത്തിലാകുക.
ഹൈക്കോടതിയുടെ മുൻ ഉത്തരവ് പ്രകാരമാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വനിതാ ജഡ്ജി ഉൾപ്പെടുന്ന പ്രത്യേക കോടതിയിൽ ആരംഭിച്ചത്. ഇതിനിടയിലാണ് ജഡ്ജിക്ക് സ്ഥലംമാറ്റം നൽകിയത്. ജൂലായ് ഒന്നിന് കോഴിക്കോട് പോക്‌സോ കോടതിയിൽ ചുമതല ഏൽക്കാനായിരുന്നു ഉത്തരവിലെ നിർദേശം.