rajagopal

അടിയന്തരാവസ്ഥയിൽ ജയിൽ വാസം അനുഭവിച്ച അന്നത്തെ ജനസംഘം സംസ്ഥാന പ്രസി‌ഡന്റും ഇപ്പോൾ ബി.ജെ.പി എം.എൽ.എയുമായ ഒ.രാജഗോപാൽ അക്കാലത്തെ ഓർമ്മിക്കുന്നു.

അടിയന്തരാവസ്ഥയെക്കുറിച്ചോർക്കുമ്പോൾ പ്രസിഡന്റ് ഫക്രുദ്ദീൻ അലി അഹമ്മദ് ബാത്ത് ടബിൽ നിന്ന് അടിയന്തരാവസ്ഥയുടെ വിജ്‌ഞാപനം ഒപ്പുവയ്ക്കുന്ന അബു എബ്രഹാമിന്റെ കാർട്ടൂണാണ് എനിക്കോർമ്മ വരുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്രവും മലിനീകരിക്കപ്പെട്ട കാലം. ഒരു വ്യക്തി അധികാരം നിലനിറുത്താൻ ജനാധിപത്യത്തെ കശാപ്പ് ചെയ്തു. കോൺഗ്രസ് അനുവർത്തിച്ചിരുന്ന ജനവിരുദ്ധ ഭരണശൈലി ഏറ്രവും തീവ്രമായ കാലം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ജനവിരുദ്ധ നയങ്ങളെക്കാൾ ഭീകരമായിരുന്നു ഇന്ദിരയുടെ ഫാസിസ്റ്ര് ഭരണം. കേരളത്തിൽ അടിയന്തരാവസ്ഥയ്ക്കെതിരെ സമരം ചെയ്ത് അറസ്റ്ര് ചെയ്യപ്പെട്ട 4645 പേരിൽ 3500 പേരും ജനസംഘം -ആർ.എസ്. എസ് പ്രവർത്തകരായിരുന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപന ദിവസം എറണാകുളത്ത് എളമക്കരയിൽ ആർ.എസ്. എസ് കാര്യാലയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. അവിടെയുണ്ടായിരുന്ന ഞങ്ങളെല്ലാം ഒളിവിൽ പോയി. അന്ന് സംസ്ഥാനത്ത് പ്രതിപക്ഷ ഏകോപനസമിതി രൂപീകരിച്ചിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ സത്യഗ്രഹം നടത്തി അറസ്റ്ര് വരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. പാലക്കാട് താരേക്കാട് ബസ് സ്റ്രാൻഡ് പരിസരത്തായിരുന്നു 22 പേരടങ്ങിയ സംഘത്തിന്റെ പ്രകടനം. കുറച്ച് സി.പി.എം, സോഷ്യലിസ്റ്ര്, സംഘടനാ കോൺഗ്രസുകാരും കൂട്ടിനുണ്ടായിരുന്നു. കൂടെയുള്ളവരെ പാലക്കാട് ജയിലിലും എന്നെ പൂജപ്പുര ജയിലിലുമാക്കി. അവിടെ എ.കെ.ജിയും ശിവരാമ ഭാരതിയുമൊക്കെ ഉണ്ടായിരുന്നു. പാർലമെന്റ് സമ്മേളനത്തിനായി എ.കെ.ജിയെ ജയിൽ മോചിതനാക്കി. പിന്നീടവർ ഇന്ദിരയുമായി രമ്യതയിലായി. ആ‌ർ.എസ്. എസും ജനസംഘവുമായിരുന്നു ഇന്ദിരയുടെ ലക്ഷ്യം. ജയിലിലുണ്ടായിരുന്ന സംഘടനാ കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ കാമരാജിന്റെ മരണത്തെത്തുടർന്ന് പരോളിൽ പോയതാണ്. പിന്നെ വരുന്നത് മന്ത്രിയായിട്ടാണ്.

പത്ത് വയസിൽ താഴെയുള്ള രണ്ടു കുട്ടികളുമായി എന്റെ ഭാര്യ പാലക്കാട്ടെ വീട്ടിലാണുണ്ടായിരുന്നത്. തിരുവനന്തപുരത്ത് വന്ന് എന്നെ കാണുക അസാദ്ധ്യമായിരുന്നു. എന്റെ അപേക്ഷ അംഗീകരിച്ച് ആറുമാസത്തിന് ശേഷം എന്നെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്രി. കേരളത്തിലെ എല്ലാ സെൻട്രൽ ജയിലുകളിലും കഴിഞ്ഞയാൾ എന്ന നേട്ടവും എന്നെ തേടിയെത്തി. അവിടെ എം.എം.ലോറൻസും തമ്പാൻ തോമസും പിന്നീടെത്തി. ഭാര്യയും മക്കളും വിയ്യൂരിൽ വന്ന് എന്നെ കാണും . കുറച്ചു കഴിഞ്ഞപ്പോൾ അതുവരെ ഒളിവിലായിരുന്ന ജനസംഘം ദേശീയ വൈസ് പ്രസി‌ഡന്റ് പരമേശ്വർജിയും ഒളിവ് അവസാനിപ്പിച്ച് സത്യഗ്രഹം നടത്തി തൃശൂർ ജയിലിലെത്തി. എല്ലാ ‌ഞായറാഴ്ചയും ഗീതാ ക്ലാസ് എടുക്കാൻ ശ്രീരാമകൃഷ്ണശ്രമത്തിലെ മൃഡാനന്ദ സ്വാമികൾ വരും. ജയിലിലുള്ളവർക്കെല്ലാം ഒത്തുചേരാനുള്ള അവസരം. 18 അദ്ധ്യായവും കഴിഞ്ഞതിന്റെ അടുത്ത ദിവസം ഞങ്ങൾ ജയിൽ മോചിതരായെന്നത് യാദൃച്ഛികം .

ഓണത്തിന് ജയിലിൽ സദ്യയുണ്ടാകും. എന്റെ പിറന്നാൾ ചിങ്ങത്തിലെ തിരുവോണമായതിനാൽ ജയിലിൽ രണ്ട് പിറന്നാൾ സദ്യയുണ്ണാനുള്ള ഭാഗ്യവുമുണ്ടായി. ജനാധിപത്യത്തിന്റെ ശക്തി ഇന്ദിര അറിഞ്ഞത് 77ലെ പരാജയത്തോടെയാണ്. അതാണ് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയും.