ലക്നൗ: ചൈനീസ് നിർമിത വൈദ്യുത മീറ്ററുകൾക്ക് ഉത്തർപ്രദേശ് നിരോധനം ഏർപ്പെടുത്തി .കാര്യക്ഷമത കുറവായതാണ് ചൈനീസ് മീറ്ററുകൾ ഒഴിവാക്കാൻ കാരണമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ, അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് മീറ്ററുകൾക്ക് നിരോധനം എർപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാന വൈദ്യുതി വകുപ്പ് ഒരുവർഷമായി നൽകിയ ചൈനീസ് ഉപകരണങ്ങളുടെ ഓർഡറുകളുടെയും കരാറുകളുടെയും വിശദ വിവരങ്ങളും സർക്കാർ തേടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച യു.പി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ചൈനീസ് ആപ്പുകൾ ഒഴിവാക്കാൻ ഓഫീസർമാർക്ക് നിർദേശം നൽകിയിരുന്നു.
അതിനിടെ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിയെ പ്രശംസിച്ച് ഇന്ത്യ പവർ എൻജിനീയേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ശൈലേന്ദ്ര ദുബേ രംഗത്തെത്തി. ചൈനീസ് ഉപകരണങ്ങൾക്ക് വില കുറവാണെങ്കിലും ഗുണമേന്മയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.