അബൂജ : നൈജീരിയയിൽ റൈസ് ഫാക്ടറിയ്ക്കുള്ളിൽ കഴിഞ്ഞിരുന്ന 300ഓളം തൊഴിലാളികളെ പൊലീസ് രക്ഷപ്പെടുത്തി. രാജ്യത്തെ കൊവിഡ് ലോക്ക് ഡൗൺ സമയത്തിലുടനീളം തങ്ങളെ ഫാകട്റിയിക്കുള്ളിൽ നിർബന്ധിച്ച് പണിയെടുപ്പിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. വടക്കൻ നൈജീരിയയിലെ കാനോ നഗരത്തിൽ സ്ഥിതി ചെയ്യുന്ന റൈസ് പ്രൊസെസിംഗ് ഫാക്ടറിയിലാണ് മാർച്ച് അവസാനം മുതൽ പുറത്തു കടക്കാൻ അനുവദിക്കാതെ തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചിരുന്നത്.
മാസം 72 ഡോളറാണ് (5,450 രൂപ) ഇവിടത്തെ തൊഴിലാളികളുടെ ശമ്പളം. 13 ഡോളർ അധികം നൽകാം എന്ന വാഗ്ദ്ധാനത്തിലാണ് തൊഴിലാളികളെ ഇവിടെ തടഞ്ഞുവച്ചത്. ഇതിന് വിസമ്മതിച്ച തൊഴിലാളികളെ ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. ഇന്ത്യൻ ഉടമസ്ഥതയിലുള്ളതാണ് ഈ മില്ല് എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഫാക്ടറിയിലെ അഞ്ച് മാനേജർമാരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫാക്ടറി പൊലീസ് പൂട്ടിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 300 ഓളം തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിശ്രമിക്കാൻ വളരെ കുറച്ച് സമയം മാത്രമാണ് അനുവദിച്ചതെന്നും മതിയായ ഭക്ഷണം പോലും നൽകാതെ ഭൂരിഭാഗം സമയവും തങ്ങളെ ജോലി ചെയ്യിപ്പിച്ചിരുന്നതായും തൊഴിലാളികളിൽ ചിലർ പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്തെ അവശ്യസേവനങ്ങളൊഴികെയുള്ള എല്ലാ സേവനങ്ങളും നിർത്തി വയ്ക്കാൻ നൈജീരിയൻ സർക്കാർ മാർച്ച് അവസാനം ഉത്തരവിട്ടിരുന്നു. ഇതേ വരെ 21,371 പേർക്കാണ് നൈജീരിയയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 533 പേർ മരിച്ചു. നൈജീരിയയ്ക്ക് തെക്ക് ലാഗോസ് ഇപ്പോഴും കൊറോണ വൈറസ് ഹോട്ട്സ്പോട്ടായി തുടരുകയാണ്. നൈജീരിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കാനോയിലും സ്ഥിതി ഗുരുതരമാണ്. ഇവിടെ രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയാണ്. രാജ്യത്ത് ഒട്ടുമിക്ക പ്രദേശങ്ങളിലും ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നെങ്കിലും കാനോയിൽ ഇപ്പോഴും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അനുവദിച്ചിട്ടുള്ള നിശ്ചിതസമയങ്ങളിൽ അത്യാവശ്യത്തിന് മാത്രം വീടിന് പുറത്തിറങ്ങാനേ ജനങ്ങൾക്ക് അനുവാദമുള്ളു.