pic

ന്യൂഡൽഹി: ബാബാ രാംദേവ് രാജ്യത്തിനായി പുതിയൊരു മരുന്ന് കണ്ടെത്തിയത് നല്ലൊരു കാര്യമാണെന്നും എന്നാൽ നിയമപ്രകാരമേ അതിന്റെ ബാക്കി നടപടികൾ പൂർത്തീകരിക്കാനാകൂവെന്നും ആയുഷ് മന്ത്രി ശ്രീപദ് നായിക്ക്. യോഗ ഗുരു രാംദേവിന്റെ നേതൃത്വത്തിലുള്ള കമ്പനി കൊവിഡിനെതിരെ മരുന്ന് വികസിപ്പിച്ചതായി അവകാശവാദമുന്നയിക്കുകയും സർക്കാർ ഇതിൽ വിശദീകരണം ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ആദ്യം വിഷയം ആയുഷ് മന്ത്രാലയത്തിന് മുന്നിലാണ് എത്തേണ്ടതെന്ന് പറഞ്ഞ മന്ത്രി വിഷയത്തിൽ കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. ഈ വിശദീകരണം ലഭിച്ച ശേഷം മാത്രമേ മരുന്ന് വിൽക്കാൻ അനുമതി നൽകുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

ഏഴു ദിവസം കൊണ്ട് കൊവിഡ് പൂർണമായും ഭേദമാക്കുന്ന ആയുർവേദ മരുന്ന് വികസിപ്പിച്ചെന്നാണ് പതഞ്ജലി അവകാശവാദമുന്നയിച്ചിരുന്നത്. ചൊവ്വാഴ്ച ഹരിദ്വാറിലാണ് പുതിയ മരുന്ന് പതഞ്ജലി പുറത്തിറക്കിയത്. 'കൊറോണിൽ ആൻഡ് സ്വാസരി' എന്നു പേരിട്ടിരിക്കുന്ന പുതിയ മരുന്ന് ഗവേഷണം നടത്തിയാണ് വികസിപ്പിച്ചതെന്നും രാജ്യത്തെ 280 രോഗികളിൽ പരീക്ഷിച്ചു വിജയിച്ചെന്നുമാണ് ബാബാ രാംദേവ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.