pic

പാറശാല: ഗോവയിൽ നിന്ന് വിമാനമാർഗ്ഗമെത്തി ക്വാറന്റീൻ ലംഘിച്ച് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച മൂന്നുപേർ അമരവിള ചെക്ക് പോസ്റ്റിൽ പിടിയിലായി. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ വിഗ്നേഷ് (32), അഖിനേഷ് (29), തൂത്തു കൂടി സ്വദേശി സെൽവരാജ് (38) എന്നിവരാണ് പിടിയിലായത്. ആറ് ദിവസം മുമ്പ് ഗോവയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ഇവർ കൊച്ചി മറൈൻ ഡ്രൈവുൾപ്പെടെ വിവിധയിടങ്ങളിൽ ചുറ്റി തിരിഞ്ഞശേഷം അവിടെ നിന്നും ടാക്സി പിടിച്ച് കേരള -തമിഴ്നാട് അതിർത്തി ലക്ഷ്യം വച്ച് വരുന്നതിനിടെയാണ് പിടിയിലായത്. ഇവരെ ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ കമ്യൂണിറ്റി ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ ഇവർ സഞ്ചരിച്ച കെ.എൽ - 49 - എൽ.3575 എന്ന ടാക്സി കാറും ഡ്രൈവറും ചെക്ക് പോസ്റ്റിൽ പിടികൊടുക്കാതെ മുങ്ങി. കാർ ഡ്രൈവറെ കണ്ടെത്താനുളള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.