mullappally-

തിരുവനന്തപുരം: പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കേണ്ടെന്ന മന്ത്രിസഭാ തീരുമാനം ജനരോഷത്തിന് മുന്നിൽ ഒരിക്കൽക്കൂടി മുഖ്യമന്ത്രി മുട്ടുമടക്കിയതിന് തെളിവാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനും ധിക്കാരത്തിനുമേറ്റ തിരിച്ചടി കൂടിയാണിത്. മുഖ്യമന്ത്രിക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി നഷ്ടമായെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നത് അപ്രായോഗികവും പ്രവാസികൾക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. എല്ലാ കാര്യത്തിലും മുഖ്യമന്ത്രിയുടെ സമീപനം ഇതുതന്നെയാണ്. ഉപദേശക വൃന്ദത്തിന്റെയും പി.ആർ സംഘത്തിന്റെയും തടവറയിലാണ് മുഖ്യമന്ത്രിയെന്ന് ആരോപിച്ച അദേഹം മികച്ച ഉപദേശങ്ങൾ കൊടുക്കാൻ കഴിവും കാര്യശേഷിയുമുള്ള ഉദ്യോഗസ്ഥർ കേരളത്തിലുണ്ടെന്നും പറഞ്ഞു.

പ്രതിപക്ഷ സമരത്തെ പരിഹസിച്ച മുഖ്യമന്ത്രി ഇപ്പോൾ സ്വന്തം തെറ്റുതിരുത്താൻ തയ്യാറായത് സ്വാഗതാർഹമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. പി.പി.ഇ കിറ്റുകൾ പൂർണമായും സൗജന്യമായി പ്രവാസികൾക്ക് നൽകണം.തീരുമാനത്തിലെ അവ്യക്തത മാറ്റണം.വിമാനക്കമ്പനികളുടെ മേൽ ഈ ഭാരം കെട്ടിവയ്ച്ച് തീരുമാനം നീട്ടിക്കൊണ്ട് പോകരുതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലേക്ക് കൂടുതൽ വിമാനസർവീസ് വേണം.അതിനായി കേന്ദ്രസർക്കാരിൽ സംസ്ഥാന സർക്കാർ‌ സമ്മർദ്ദം ചെലുത്തണം. 296 പ്രവാസികൾ ഇതിനകം ഗൾഫ് ഉൾപ്പെടെയുള്ള വിദേശനാടുകളിൽ കൊവിഡ് പിടിപ്പെട്ട് മരിച്ചിട്ടുണ്ട്. അവരുടെ കുടുംബാംഗങ്ങളുടെ ദീനരോദനവും കണ്ണീരും കണ്ട് ഇനിയെങ്കിലും മടങ്ങിവരുന്ന പ്രവാസികളോട് കരുണ കാണിക്കാൻ സർക്കാർ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.