photo

വിതുര: പൊന്മുടി - തിരുവനന്തപുരം സംസ്ഥാന പാതയിൽ വിതുര പേരയത്തുപാറ ജംഗ്‌ഷനിലെ കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ. തൊളിക്കോട് പഞ്ചായത്ത്‌ 15വർഷം മുൻപ് സ്ഥാപിച്ച വെയ്റ്റിംഗ് ഷെഡാണ് ശോച്യാവസ്ഥയിലായത്. രണ്ടു വർഷം മുൻപ് നാട്ടുകാർ അറ്റകുറ്റപണികൾ നടത്തിയിരുന്നെങ്കിലും വീണ്ടും സ്ഥിതി മോശമായി. മഴക്കാലമായതോടെ വെയ്റ്റിംഗ് ഷെഡ് ചോർന്നൊലിക്കുകയാണ്. വെയ്റ്റിംഗ് ഷെഡ് ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലായിട്ടും അധികാരികൾ നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അടിയന്തരമായി വെയ്റ്റിംഗ് ഷെഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ. പേരയത്തുപാറയിൽ അടിയന്തരമായി വെയ്റ്റിംഗ് ഷെഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു തൊളിക്കോട് പഞ്ചായത്ത്‌ ഓഫിസ് പടിക്കൽ സമരം നടത്തുമെന്ന് മണലയം റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് മണലയം ലോറൻസും, സെക്രട്ടറി സതീഷ്‌കുമാറും അറിയിച്ചു. അതേസമയം ഉടൻ പ്രശ്നപരിഹാരം കാണുമെന്ന് പഞ്ചായത്ത്‌ വ്യക്തമാക്കിയിട്ടുണ്ട്.

 വെയ്റ്റിംഗ് ഷെഡ് ആശ്രയം

നെടുമങ്ങാട്, ആര്യനാട്, തിരുവനന്തപുരം, കാട്ടാക്കട, നെയ്യാറ്റിൻകര, പൂവച്ചൽ, പറണ്ടോട്, ഉഴമലക്കൽ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാരാണ് വെയ്റ്റിംഗ് ഷെഡിനെ പ്രധനമായും ആശ്രയിക്കുന്നത്. കുടയും ചൂടി ബസ് കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിൽ. കോൺഗ്രേറ്റ്‌ പാളികൾ ഇളകി വീഴുന്നതും അപകടമുണ്ടാക്കുന്നുണ്ട്.