മുടപുരം: നൂറുമേനി വിളവ് ഉറപ്പിച്ച് നെൽകൃഷി ലാഭകരവും വിജയകരവുമാണെന്ന് പ്രതീക്ഷ അർപ്പിച്ച് കർഷകർ കിഴുവിലം പാടശേഖരത്ത് 30 ഹെക്ടറിൽ കൃഷിയിറക്കി.
പാടശേഖര സമിതിയുടെ മേൽനോട്ടത്തിലാണ് ഇവിടെ വർഷങ്ങളായി കൃഷി ചെയ്യുന്നത്. ഇതിൽ 10 ഹെക്ടർ സ്ഥലത്ത് വെള്ള അരി ഉത്പാദിപ്പിക്കാനായി ജയ നെൽവിത്താണ് പുതുതായി കൃഷി ചെയ്തു കഴിഞ്ഞത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ ധാരാളമായി വില്പനയ്ക്കെത്തുന്ന അരിയാണ് വെള്ള ജയഅരി.
ജയനെല്ലിന്റെ വെള്ളഅരിക്ക് കൂടുതൽ ആവശ്യക്കാരുണ്ടാകുമെന്നാണ് കൃഷിക്കാരുടെ പ്രതീക്ഷ. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സർക്കാർ നൽകുന്ന ഒട്ടേറെ ആനുകൂല്യങ്ങളാണ് നഷ്ടത്തിലായിരുന്ന നെൽകൃഷി ലാഭകരമാക്കിയത്. ഇത് കർഷകരെ ബോദ്ധ്യപ്പെടുത്തിയതിനാൽ ഒട്ടേറെ കർഷകരെ നെൽക്കൃഷിയിലേക്ക് തിരികെക്കൊണ്ടുവരാൻ കഴിഞ്ഞതായി പാടശേഖരം സമിതി സെക്രട്ടറി സുൾഫിക്കർ പറഞ്ഞു.
നേരത്തെ 40 ഹെക്ടർ ഉണ്ടായിരുന്ന നെല്പാടത്തിന്റെ 10 ഹെക്ടർ നെൽകൃഷി നഷ്ടമാണെന്ന കാരണത്താൽ വർഷങ്ങൾക്കുമുൻപ് കരഭൂമിയായി നികത്തപ്പെട്ടു. എന്നിട്ടും കഴിഞ്ഞ വർഷം 25 ഹെക്ടറിലേ കൃഷിയിറക്കിയുള്ളൂ. എന്നാൽ തരിശായി കിടന്ന 5 ഹെക്ടറിൽകൂടി ഇക്കുറി കൃഷിയിറക്കി. നെൽവിത്ത് കർഷകർക്ക് സൗജന്യമാണ്. കുമ്മായത്തിന് 75 ശതമാനവും വളത്തിന് 50 ശതമാനവും സബ്സിഡിയുണ്ട്. ഉമ നെൽവിത്താണ് ജയയ്ക്ക് പുറമേ കർഷകർ കൃഷി ചെയ്തിട്ടുള്ളത്. സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷിഭവന്റെയും സഹായവും പിൻതുണയുമാണ് കൃഷി വിജയകരമായി മുന്നേറുന്നതിന് പാടശേഖര സമിതിയെയും കർഷകരെയും പ്രാപ്തരാക്കുന്നത്.