തിരുവനന്തപുരം: ക്വാറന്റീനിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറങ്ങി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വധൂവരന്മാർക്ക് ക്വാറന്റീൻ ആവശ്യമില്ലെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം. ഇവരോടൊപ്പം എത്തുന്ന അഞ്ചുപേർക്കും ക്വാറന്റീൻ നിർബന്ധമല്ല. ഏഴുദിവസം വരെ സംസ്ഥാനത്ത് ഇവർക്ക് തങ്ങാൻ കഴിയും. മറ്റ് മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിക്കണം.
പുതിയ ഇളവുകൾ ഹ്രസ്വ സന്ദർശനം നടത്തുന്നവർക്കുള്ള ഇളവുകൾക്കൊപ്പമാണ് പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ പരീക്ഷകൾക്കോ ആയി എത്തുന്നവർക്ക് പരീക്ഷയുടെ മൂന്ന് ദിവസം മുമ്പ് സംസ്ഥാനത്ത് പ്രവേശിക്കാം എന്നാണ് പുതുക്കിയ ചട്ടം. ബിസിനസ് ആവശ്യങ്ങൾക്കും ചികിത്സക്കും പരീക്ഷകൾക്കും വരുന്നവർക്കാണ് നേരത്തെ ഇളവ് പ്രഖ്യാപിച്ചത്. ഇവർക്ക് പരമാവധി ഏഴ് ദിവസം വരെ സംസ്ഥാനത്ത് താമസിക്കാം.
സംസ്ഥാനത്ത് എത്തുന്നതിന് മുമ്പ് കൊവിഡ് ജാഗ്രതാ പോർട്ടലിലൂടെ ഇവർ പ്രവേശന പാസിന് അപേക്ഷിക്കണം. പരമാവധി ഏഴ് ദിവസം വരെ ഇവർക്ക് കേരളത്തിൽ തങ്ങാം. സംസ്ഥാനത്ത് എത്തുന്നവർ എട്ടാം ദിവസം തിരിച്ചു പോകുന്നുവെന്ന് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധവിമാരും ഉറപ്പ് വരുത്തണം എന്നും നിർദ്ദേശമുണ്ട്.